Skip to main content

ആധുനീകരണത്തിന്റെ പാതയില്‍ ട്രാക്കോ കേബിള്‍ കമ്പനി മുന്നോട്ട്

കേബിള്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡിന്റെ തിരുവല്ലാ യൂണിറ്റില്‍ നൂതന സാങ്കേതിക വിദ്യയിലൂടെയുള്ള പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് നവീകരിച്ചതായി ചെയര്‍മാന്‍ അഡ്വ. എ.ജെ. ജോസഫും മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മാത്യുവും അറിയിച്ചു.
2018-19ല്‍  ആധുനികവല്‍ക്കരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയില്‍ നിന്നും 74.281 ലക്ഷം രൂപയുടെ 19 ബോബിന്‍ സ്ട്രാന്‍ഡര്‍ മെഷീന്‍, 29.2876 ലക്ഷം രൂപ ചെലവില്‍ ഹെവി ഡ്യൂട്ടി മള്‍ട്ടീകോര്‍ സിങ്കിള്‍ ഹെഡ് കോയിലിംഗ് മെഷീന്‍, സംസ്ഥാന സര്‍ക്കാര്‍ 2017-2018ല്‍ അനുവദിച്ച തുകയില്‍ നിന്നും 103.36 ലക്ഷം രൂപ വിനിയോഗിച്ചു വെതര്‍ പ്രൂഫ് ഇന്‍സുലേഷന്‍, ഷീത്തിംഗ് മെഷീന്റെ വൈവിധ്യവല്‍ക്കരണവും ഇന്‍സ്റ്റലേഷനും നടത്തി. ജനുവരിയില്‍ കമ്പനിയുടെ ഇരുമ്പനം, തലശേരി യൂണിറ്റുകളില്‍ ബാക്കിയുള്ള തുകയ്ക്കുള്ള പുതിയ യന്ത്രസാമിഗ്രികള്‍ സ്ഥാപിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഈ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതുവഴി വെതര്‍ പ്രൂഫ് കേബിളുകളും കണ്‍ട്രോള്‍ കേബിളുകളും, എസിഎസ്ആര്‍ കണ്ടക്ടറുകളുടെ ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ കഴിയും. അതുവഴി തിരുവല്ലാ യൂണിറ്റില്‍ അലുമിനിയം കണ്‍വെര്‍ഷന്‍ ക്ഷമതയായ 3000 മെട്രിക്ക് ടണ്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ സാധിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്കോ കേബിള്‍ കമ്പനി നിര്‍മിച്ച എച്ച്റ്റിഎക്‌സ്എല്‍പിഇ ഇന്‍സുലേറ്റഡ് എസിഎസ്ആര്‍ കവേഡ് കണ്ടക്ടര്‍ 'ട്രാക്കോ സിസിഎക്‌സ്' എന്ന ബാന്‍ഡില്‍ തിരുവല്ലാ യൂണിറ്റില്‍ നിന്ന് വിജയകരമായി ഉത്പാദിപ്പിച്ചു വരുന്നു.
ചരിത്രത്തില്‍ ആദ്യമായി 2020-21ല്‍ 216.5 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കൈവരിച്ചു. കമ്പനി ഉത്പന്നങ്ങളുടെ പ്രധാന ഉപഭോതാവ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ആണ്. കൂടാതെ ഇതര സംസ്ഥനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍, ഗോവ എന്നിവടങ്ങളില്‍ നിന്ന് കമ്പനിക്ക് കണ്ടക്ടറുകളുടെയും എക്‌സ്എല്‍പിഇ കേബിളുകളുടെയും വിവിധ ഓര്‍ഡറുകള്‍ ലഭ്യമായിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ നിന്ന്  2011-22 സാമ്പത്തിക വര്‍ഷം 98.8 കോടി രൂപയുടെ എസിഎസ്ആര്‍ കണ്ടക്ടറുകളുടെ പുതിയ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചു. കമ്പനിക്ക് ആകെ 180 കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ട്.
 

date