Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 31-08-2021

ഫാം ലേബര്‍: താല്‍ക്കാലിക നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി (675 രൂപ) അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എട്ടു പുരുഷ തൊഴിലാളികളുടെയും ആറ് സ്ത്രീ തൊഴിലാളികളുടെയും ഒഴിവുകളിലേക്കാണ് നിയമനം. പന്നിയൂര്‍, കുറുമാത്തൂര്‍, തളിപ്പറമ്പ്, കൂവേരി, ആന്തൂര്‍, ചപ്പാരപ്പടവ്, പട്ടുവം, ചുഴലി എന്നീ വില്ലേജുകളില്‍പ്പെട്ട തളിപ്പറമ്പ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്ക് തെങ്ങിലും മരത്തിലും കയറാനുള്ള കഴിവ്, കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യം എന്നിവയും സ്ത്രീകള്‍ക്ക് കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത. പ്രായം 2021 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). അംഗപരിമിതര്‍ അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും സഹിതം സെപ്തംബര്‍ 10നകം തളിപ്പറമ്പ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ ഉള്ളവരും നേരിട്ട് ഹാജരാകേണ്ടതില്ല. ബന്ധപ്പെട്ട രേഖകള്‍/സമ്മതപത്രം മറ്റൊരാള്‍ മുഖേനയോ teetpmp.emp.lbr@kerala.gov.in ലോ നല്‍കണം. ഫോണ്‍: 0460 2209400.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ ശ്രീ പിള്ളയാര്‍കോവില്‍ ക്ഷേത്രം, തില്ലങ്കേരി ശിവ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശ്രീ പിള്ളയാര്‍കോവില്‍ ക്ഷേത്രത്തിന്റെ അപേക്ഷ സെപ്തംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായും തില്ലങ്കേരി ശിവക്ഷേത്രത്തിന്റെ അപേക്ഷ സെപ്തംബര്‍ 17 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായും തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ലും ലഭിക്കും.

രാമന്തളി കുന്നരു ശ്രീ തിരുവില്വാംകുന്ന് ശിവ ക്ഷേത്രം, എരമം പേരൂല്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്തംബര്‍ 17ന് വൈകിട്ട് അഞ്ചു മണിക്കകം സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.in ലും, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും.

ജേണലിസം കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രം. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളാണ് സിലബസ്സിലുള്ളത്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അപേക്ഷാ ഫോറം ksg.keltrone.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 15നകം ലഭിക്കണം. തിരുവനന്തപുരം സെന്ററിലേക്കുള്ള അപേക്ഷ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കുളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014 എന്ന് വിലാസത്തിലും കോഴിക്കോട് സെന്ററിലേക്കുള്ള അപേക്ഷ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002 എന്ന വിലാസത്തിലുമാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 9544958182, 8137969292.

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം

കൂത്തുപറമ്പ് താലൂക്കാശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍, ലീഗല്‍ കൗണ്‍സലര്‍, ഐടി സ്റ്റാഫ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവിലേക്കാണ് നിയമനം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. സോഷ്യല്‍ വര്‍ക്ക്/ ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദം,സംസ്ഥാന /ജില്ലാ തലത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം/ക്ലിനിക്കുകളില്‍ കൗണ്‍സലര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം എന്നിവ ഉള്ളവര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. നിയമ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് ലീഗല്‍ കൗണ്‍സലര്‍ തസ്തികയിലേക്ക്് അപേക്ഷിക്കാം. പ്രവൃത്തി സമയം ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ. ബിരുദവും കമ്പ്യൂട്ടര്‍/ഐടി വിഷയങ്ങളില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് ഐ ടി സ്റ്റാഫ് തസ്തികയില്‍ അപേക്ഷിക്കാം. സംസ്ഥാന/ജില്ലാ എന്‍ജിഒ/ഐടി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ തലത്തിലുള്ള ഡാറ്റാ മാനേജ്‌മെന്റ് പ്രോസസ് ഡോക്യുമെന്റേഷന്‍, വെബ് ബേസ്ഡ് റിപ്പോര്‍ട്ടിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയില്‍  മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ്  എന്നിവ സഹിതം സെപ്തംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2367450.

ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കേരളാ ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020-2021 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ സ്റ്റേറ്റ്, സി ബി എസ് സി സിലബസില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കും ഐ സി എസ് ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. ക്ഷേമനിധിയിലെ അംഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്റെ കോപ്പി, സാക്ഷ്യ പത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും, ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സമര്‍പ്പിക്കണം. അപേക്ഷ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2706806.

കൊവിഡ് ധനസഹായം

കേരള ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള 1000 രൂപ കൊവിഡ് ധനസഹായത്തിനായി ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ ലേബര്‍ കമ്മീഷണറേറ്റിലെ boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0497 2706806.

വിചാരണ മാറ്റി

സെപ്തംബര്‍ ഒമ്പതിന് കലക്ടറേറ്റില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ സപ്തംബര്‍ 28 ലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

എല്‍ബിഎസ് അപേക്ഷ ക്ഷണിച്ചു

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തിലും കൂത്തുപറമ്പ്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോഡ് ഉപകേന്ദ്രങ്ങളിലും ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, യോഗ്യത ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍ പിജിഡിസിഎ (അംഗീകൃത സര്‍വകലാശാല ബിരുദം), ഡിസിഎ(എസ്എസ്എല്‍സി), ഡിസിഎഎസ് (വിഎച്ച്എസ്ഇ, പ്ലസ് ടു) ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി),ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ് വര്‍ക്കിംഗ് കോഴ്‌സ് (എസ് എസ് എല്‍സി). അപേക്ഷകള്‍ സെപ്തംബര്‍ 10നു മുമ്പായി www.lbscentre.kerala.gov.in അല്ലെങ്കില്‍ http://lbscentre.kerala.gov.in/services/courses എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഗവ ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പസിനു സമീപം പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് മേഖല കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0497 2702812,0490 2365878.

date