Skip to main content

'ഒരിനം കൃഷി'യുമായി മാരാരിക്കുളം തെക്ക് പഞ്ചായത്ത്

 

ആലപ്പുഴ: ജില്ലയിൽ ആദ്യമായി 'ഒരിനം കൃഷി' പദ്ധതിയുമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. കൃഷിക്കായുള്ള ഓൺലൈൻ പരിശീലനത്തിനും തുടക്കമായി. ഒരു വാർഡിൽ ഒരിനം കൃഷി ചെയ്യുന്നതാണ് പദ്ധതി. പൂക്കൾ, പച്ചക്കറികൾ, കിഴങ്ങ്, വാഴ, റാഗി, ചോളം, ചെറുപയർ തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്തിലെ 23 വാർഡുകളിലായാണ് ഒരിനം കൃഷി നടത്തുന്നത്. കുടുംബശ്രീയുടെ 526 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ.എൽ.ജി.) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആയിരത്തിലധികം കുടുംബശ്രീ പ്രവർത്തകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്. കുടുംബശ്രീ സി.ഡി.എസി.ന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി. ചിങ്ങം ഒന്നിന് ആരംഭിച്ച പദ്ധതിയിൽ ഇതിനകം നാനൂറിലധികം ഗ്രൂപ്പുകൾ കൃഷി ആരംഭിച്ചു.

ഒരു ലക്ഷം രൂപ വരെ കൃഷിക്കായി വായ്പയും ലഭിക്കും. വിപണനത്തിനായി പഞ്ചായത്ത് കേന്ദ്രീകരിച്ച് സംഭരണ-വിപണന കേന്ദ്രം തുടങ്ങും. ഓൺലൈൻ പരിശീലനത്തിന് ഓണാട്ടുകര റീജണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മി നേതൃത്വം നൽകി. സി.ഡി.എസ്. ചെയർപേഴ്സൺ ജി. ലളിത, ബ്ലോക്ക് കോ-ഓർഡിനേറ്റർ എസ്. സുരമ്യ തുടങ്ങിയവർ പ്രസംഗിച്ചു.

date