Skip to main content

വീട്ടുമുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതിയുമായി വള്ളിക്കുന്നം

 

ആലപ്പുഴ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'വീട്ടുമുറ്റത്തൊരു പച്ചക്കറി തോട്ടം പദ്ധതിയുമായി' വള്ളികുന്നം കൃഷിഭവൻ. ജനകീയാസൂത്രണം വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ വീട്ടുമുറ്റങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണിവിടെ നടത്തുന്നത്.

കൃഷിക്കായി അഞ്ച് സെന്റ് സ്ഥലമുള്ളവരിൽ നിന്നാണ് പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നത്. 10 കിലോ വീതം സ്യൂഡോമോണസ്, ഡോളോമൈറ്റ് തുടങ്ങിയ ജൈവവളങ്ങളും നല്ല ഇനം പച്ചക്കറി വിത്തുകളും പച്ചക്കറി തൈകളും പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ നിന്ന് നൽകും. കൃഷി നടത്തുന്നതിനും പരിപാലനത്തിനുമാവശ്യമായ മാർഗനിർദ്ദേശങ്ങളും ലഘുലേഖകളും നൽകുന്നുണ്ട്. വാർഡ് കൺവീനർമാർ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾക്ക് 85 രൂപ ഗുണഭോക്തൃവിഹിതം നൽകി പദ്ധതിയുടെ ഭാഗമാകാം. കർഷകർക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും കൃഷിഭവനിൽ നിന്ന് ലഭിക്കും.

date