Skip to main content

ആശാൻ കലുങ്ക് അപകടമുക്തമാക്കൽ; ഒൻപതിന്  സംയുക്ത പരിശോധന 

 

ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്തിലെ ആശാൻ കലുങ്ക് അപകട മുക്തമാക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെപ്റ്റംബർ ഒൻപതിന് സംയുക്ത പരിശോധന നടത്തുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ. പറഞ്ഞു. ആശാൻ കലുങ്ക് അപകടമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചത്. 
പൊതുമരാമത്ത്, റവന്യൂ, കെ.എസ്.ഇ.ബി., പൊലിസ്, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുക. റോഡിന്റെ ഇരുവശവുമുള്ള റോഡ്- റവന്യൂ പുറംമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുക, മാറ്റേണ്ടതായ ഇലക്ട്രിക് പോസ്റ്റുകൾ ഏതൊക്കെയെന്ന് നിർണയിക്കുക, സൈൻ ബോർഡുകൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിശ്ചയിക്കുക തുടങ്ങിയവ സംയുക്ത പരിശോധനയിൽ തീരുമാനിക്കും.
യോഗത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, തഹസിൽദാർ എസ്. സന്തോഷ്‌കുമാർ, അഡീഷണൽ തഹസിൽദാർ സി.റ്റി, മാത്യു, ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻ പിള്ള, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി. അംബിക, നൂറനാട് എസ്.ഐ. ജഗദീഷ്, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജി. ശ്രീജി നമ്പൂതിരി, എസ്. സതീഷ്, ശരത് എസ്. കുമാർ, കെ.എസ്. ഇ.ബി. എക്സികുട്ടീവ് എൻജിനീയർ ജി. ശ്രീകുമാർ, കെ.എസ്.ഇ.ബി. നൂറനാട് അസിസ്റ്റന്റ് എൻജിനീയർ ആർ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

date