Skip to main content

വികസന മുന്നേറ്റത്തില്‍ യുവജന പങ്കാളിത്തം; ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി പാഠ്യപദ്ധതി

ജില്ലയുടെ വികസന മുന്നേറ്റത്തിന് യുവജനങ്ങളുടെ കഴിവും കാര്യപ്രാപ്തിയും വിനിയോഗിക്കുന്നതിനും പങ്കാളികളാക്കുന്നതിനുമായി നടപ്പിലാക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് പാഠ്യപദ്ധതി രൂപീകരിക്കുന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അക്കാദമിക വിദഗ്ധരും വകുപ്പു മേധാവികളും ഉള്‍പ്പടെയുളളവരുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. ഇതു ക്രോഡീകരിച്ചാണ് പാഠ്യപദ്ധതിക്ക് അന്തിമ രൂപം നല്‍കുക.
ബിരുദധാരികളായ 32 വയസ് വരെയുള്ളവര്‍ക്കാണ് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം. നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു.
നേതൃപാടവം വളര്‍ത്തുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും ജില്ലയുടെ സാമൂഹിക - സാമ്പത്തിക വികസന വഴികളിലേക്കും എല്ലാ യുവജനങ്ങളെയും പങ്കാളികളാക്കുന്നതിനാണ് പരിപാടി നടത്തുന്നത്. ദുരന്തനിവാരണവും മറ്റ് അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം നല്‍കിയ യുവനിരയെ സജ്ജമാക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ എസ്. സി - എസ്. ടി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പരിപാടി നടപ്പിലാക്കുന്നത്. പദ്ധതി വിപുലീകരണത്തിനും പാഠ്യപദ്ധതി രൂപീകരണത്തിനുമായി വിവിധ വകുപ്പുകള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കോഴ്‌സ് കരിക്കുലം നിശ്ചയിക്കുക.
അക്കാദമിക് കോര്‍ഡിനേറ്ററായി അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ പ്രവര്‍ത്തിക്കും. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുബാറക് പാഷ, ടി. കെ. എം. കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഹഷ്മിദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍.2255/2021)

 

date