Skip to main content

കോവിഡ് പ്രതിരോധം; പുനലൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍

കിഴക്കന്‍ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പുനലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. പി.എസ്. സുപാല്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികളിലെ വാക്‌സിനേഷന്‍ പരമാവധി പ്രോത്സാഹിപ്പിക്കുവാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. താലൂക്കിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഡി.സി.സിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. അലയമണ്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളില്‍  വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
പുനലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസീല്‍ദാര്‍ നസിയ, താലൂക്ക് ആശുപത്രി സൂപ്രണ്ട്  ഡോ. ഷാഹിര്‍ഷ, അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2263/2021)

date