Skip to main content

ധൈര്യവും നവീന ആശയങ്ങളും വിളയുന്ന സ്ത്രീസമൂഹം ഉണ്ടാകണം: സ്പീക്കര്‍ എം. ബി. രാജേഷ്

വായനയിലൂടെ നട്ടെല്ല് വളയാത്ത, ധൈര്യവും നവീന ആശയങ്ങളും  വിളയുന്ന കരുത്തുള്ള തലമുറയായി സ്ത്രീ സമൂഹം മാറണമെന്ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ്.  പൊതു ഇടങ്ങളായ വായനശാലയിലേക്ക് സ്ത്രീകള്‍ക്ക് കടന്നുവരുന്നതിന് പ്രോത്സാഹനമാകാന്‍  അതിജീവനത്തിന്റെ പെണ്‍ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘അതിജീവനത്തിന് പെണ്‍വായന' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.
പദ്ധതിയില്‍  അംഗമായ ഓച്ചിറയിലെ 86 വയസ്സുകാരി ദേവകിക്കും ഏഴുവയസ്സുകാരി ഹിബാ മിസ്രിയയ്ക്കും പുസ്തക കിറ്റും ഫലവൃക്ഷതൈകളും സ്പീക്കര്‍ കൈമാറി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ഉപഹാരം  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്  പി.ബി ശിവന്‍ സ്പീക്കര്‍ക്ക് കൈമാറി. ഉപാധികള്‍ ഇല്ലാതെ പതിനായിരം സ്ത്രീകള്‍  അതിജീവനത്തിന്റെ പെണ്‍വായനയില്‍ അംഗമായതായി  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ പറഞ്ഞു. ചടങ്ങ് നടക്കവേ  3000 സ്ത്രീകള്‍ വീടുകളില്‍ ഫലവൃക്ഷ തൈകള്‍ നട്ടു  പദ്ധതിയുടെ ഭാഗമായി.
കരുനാഗപ്പള്ളി ജോണ്‍ എഫ്. കെന്നഡി മെമ്മോറിയല്‍ വി.എച്ച്.എച്ച്.എസില്‍ നടത്തിയ ചടങ്ങില്‍ സി. ആര്‍ മഹേഷ് എം.എല്‍.എ  അധ്യക്ഷനായി. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ മുഖ്യാതിഥിയും. കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എ.പ്രദീപ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, വി.പി.ജയപ്രകാശ് മേനോന്‍, നീണ്ടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജനി, കുടുംബശ്രീ  ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍ അജു, എല്‍. ശ്രീലത, ഡോ പി. മീന തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2264/2021)
 

date