Skip to main content

കോവിഡ് രോഗികൾക്ക് തണലായ് പാവറട്ടിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ

കോവിഡ് രോഗികൾക്ക് അന്നം മുടക്കാതെ തണലായി പാവറട്ടിയിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ. പഞ്ചായത്തിലെ ഓരോ വാർഡ് മെമ്പർമാരുടെയും ആവശ്യാനുസരണമാണ്  ഭക്ഷണം തയ്യാറാക്കുന്നത്. രോഗം സ്ഥിരീകരിച്ചതും സ്വയം ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതുമായ സത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഒറ്റപ്പെട്ട് താമസിക്കുന്നവർ എന്നിവർക്കാണ് സൗജന്യ ഭക്ഷണം നൽകി വരുന്നത്. ഉച്ചയ്ക്കും രാത്രിയുമായി രണ്ട് നേരത്തെ ഭക്ഷണമാണ് വാർഡുകളിൽ എത്തിക്കുന്നത്. സൗജന്യ ഭക്ഷണത്തിൻ്റെ ചെലവ് പഞ്ചായത്താണ് വഹിക്കുക. 20 രൂപയാണ് ചോറും കറികളും ഉൾപ്പെടുന്ന ഭക്ഷണപ്പൊതിയുടെ വില. പാഴ്സലായി നൽകുന്നതിന് 5 രൂപ അധികമായി ഈടാക്കുന്നു.  

വാർഡുകൾക്ക് പുറമെ പഞ്ചായത്തിലുള്ള ഡൊമിസിലിയറി കെയർ സെൻ്ററിലേയ്ക്കും സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ഡൊമിസിലിയറി കെയർ സെൻ്ററിൽ രാവിലത്തേത് ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. പാവറട്ടി വെന്മേനാട് കവല സെൻ്ററിന് സമീപമുള്ള ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത് ആർ ആർ ടി അംഗങ്ങൾ മുഖേനയാണ്. കോവിഡ് രോഗികൾക്ക് പുറമെ സാധാരണ ആളുകൾക്കുള്ള ഭക്ഷണവും ജനകീയ ഹോട്ടലിൽ തയ്യാറാക്കുന്നുണ്ട്. ഓരോ ദിവസവും 100ൽ അധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. രാവിലെ 6.30 മുതൽ 7.30 വരെയാണ് ജനകീയ ഹോട്ടലിൻ്റെ പ്രവർത്തന സമയം.

കോവിഡ് വ്യാപനത്തിന് മുന്നെ 10 കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തിവന്നിരുന്ന അക്ഷയ വനിതാ കാൻ്റീനാണ് ജൂൺ 25 മുതൽ കുടുംബശ്രീ ജനകീയ ഹോട്ടലായി മാറിയത്. നിലവിൽ 5 കുടുംബശ്രീ അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. കോവിഡിൻ്റെ രണ്ടാം വരവോടെ ഇതേ കുടുംബശ്രീ അംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തിവന്ന കമ്മ്യൂണിറ്റി കിച്ചൻ്റെ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.   
 

date