Skip to main content

ജില്ലയിലെ കോവിഡ് വ്യാപനം: പ്രത്യേക ആക്ഷൻ പ്ലാൻ ഇന്നു മുതൽ (ഓഗസ്റ്റ് 30)

തൃശൂർ ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ (ആഗസ്റ്റ് 30 ) പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ എം എൽ എമാർ, കലക്ടർ, ആരോഗ്യ പ്രവർത്തകർ എന്നിവ പങ്കെടുത്ത  അടിയന്തര കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അടുത്ത രണ്ടാഴ്ച നിർണായകമാണെന്നും പൊലീസ് ഉൾപ്പെടെ എല്ലാ വകുപ്പുകളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. 

10 ദിവസത്തിനുള്ളിൽ കോവിഡ് വ്യാപനവും ടി പി ആർ നിരക്കും  കുറയ്ക്കാനുള്ള പദ്ധതികളാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടപ്പാക്കുക. എല്ലാ ദിവസവും മന്ത്രിമാരുടെ നേതൃത്വത്തിൽ ചേരുന്ന കോർ കമ്മിറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് അപാകതകൾ പരിഹരിച്ച് മുന്നോട്ടുപോകും. 

എം എൽ എമാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. ഒന്നാം ഡോസ് വാക്സിനേഷൻ എത്രയും വേഗത്തിൽ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമം നടത്തും. ജില്ലയ്ക്ക് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ഒന്നാം ഡോസ് എടുത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭിക്കാത്തവർക്ക് ഉടൻ അതു നൽകാനും പ്രത്യേക ശ്രദ്ധ ചെലുത്തും. 

ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഐ സി യു, വെൻ്റിലേറ്റർ സൗകര്യങ്ങൾ യോഗം വിലയിരുത്തി. ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐ സി യു,  വെൻ്റിലേറ്റർ സൗകര്യങ്ങൾ കൂട്ടും. ഓക്സിജൻ പ്ലാൻ്റുകൾ വർധിപ്പിക്കും. 

തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തും. ആർ ആർ ടി പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുടെ പ്രവർത്തനവും അതത് തദ്ദേശ സ്ഥാപന മേധാവികൾ ദിവസവും വിലയിരുത്തണം. കോവിഡ് നിബന്ധനകൾ പാലിക്കപ്പെടാൻ കൂട്ടായ ശ്രമം താഴെത്തട്ടിൽ നിന്നുണ്ടാകണം. ആവശ്യമെങ്കിൽ ഇതിനായി ജനകീയ ബോധവത്ക്കരണവും നടത്തും. 

വീടുകളിൽ ഒരു രോഗിയിൽ നിന്ന് കൂടുതൽ രോഗികൾ ഉണ്ടാവുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ നിന്ന് മരണവും സംഭവിച്ചിട്ടുള്ളതിനാൽ രോഗികളെ സി എഫ് എൽ ടി സി, ഡി സി സി എന്നിവയിലേക്ക് മാറ്റും. ഇവയുടെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. കോവിഡ് അനന്തരവും രോഗികൾക്ക് മതിയായ തുടർ ചികിത്സ നൽകാൻ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രിമാർ നിർദേശിച്ചു.

പൊലീസിൻ്റെ നേതൃത്വത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. വ്യാപാരികള വിളിച്ചു ചേർത്ത് പ്രാദേശിക തലത്തിൽ ആഴ്ചയിൽ യോഗം ചേരും. സമൂഹമാധ്യമങ്ങൾ വഴി അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

എം എൽ എ മാരായ എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, സി സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, ഡി എം ഒ കെ ജെ റീന, വിവിധ വകുപ്പുമേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date