Skip to main content

ജില്ലയിലെ വാക്സിൻ വിതരണം സുതാര്യമാക്കും

ജില്ലയിൽ വാക്‌സിൻ വിതരണം സുതാര്യമായി നടത്താൻ ജില്ലാ വികസന സമിതി യോഗത്തിൽ ധാരണയായി. ജനസംഖ്യാ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം തുടരും. വാക്സിനേഷൻ കുറച്ച് മാത്രം ലഭിച്ച പഞ്ചായത്തുകളിൽ വാക്സിനേഷൻ ഊർജ്ജിതമാക്കാനും തീരുമാനമായി.നിലവിൽ ഉപയോഗക്ഷമമല്ലാത്ത വെന്റിലേറ്ററുകൾ കേടുപാടുകൾ മാറ്റി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ ടീമിൻ്റെ സഹകരണത്തോടെ ഉപയോഗയുക്തമാക്കാൻ തീരുമാനിച്ചു. 

കോവിഡ് ബാധിതരായി അടിയന്തര വൈദ്യസഹായം ആവശ്യമായ രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന ദൗത്യസംഘം ഡി പി എം എസ് യു വിൻ്റെ പ്രവർത്തനം സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പിൻ്റെ റോഡുകളിൽ പ്രവൃത്തി നടക്കുമ്പോൾ മാറ്റുന്ന മണ്ണ് മറ്റ് സർക്കാർ പ്രവർത്തികൾക്ക് ആവശ്യമുണ്ടെങ്കിൽ എടുക്കാനാകുമോ എന്നത് പരിശോധിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. വാട്ടർ അതോറിറ്റിയുടെ പൈപ്പിടലിനെ തുടർന്ന് തകരുന്ന റോഡുകൾ അടിയന്തര പ്രാധാന്യം നൽകി അറ്റകുറ്റപണികൾ നടത്താനും നടപടികളെടുക്കാനും വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലയിലെ എം എൽ എ മാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, വിവിധ നഗരസഭാ അധ്യക്ഷൻമാർ, തഹസിൽദർമാർ, എ ഡി എം റെജി പി ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date