Skip to main content

കോവിഡിലും കര്‍മ്മ നിരതരാണ് പുഴയ്ക്കല്‍ ബ്ലോക്കിലെ ഐ സി ഡി എസ് പ്രവര്‍ത്തകര്‍

കോവിഡ് മഹാമാരിക്കിടയിലും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പുഴയ്ക്കല്‍ ബ്ലോക്കിലെ ഐസിഡിഎസ് (Integreted Child Development Services) ഉദ്യോഗസ്ഥര്‍. ശിശുക്കള്‍ക്കും വനിതകള്‍ക്കുമായി നിരവധി പദ്ധതികളാണ് ഐസിഡിഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. 
കോവിഡ് കാലത്ത് നേരിട്ട് പോയി ചെയ്യാന്‍ കഴിയാത്തവ ഓണ്‍ലൈനായി ഗൂഗിള്‍ മീറ്റിലൂടെയാണ് നടത്തുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിരവധി സംശയങ്ങളാണ് ഈ കോവിഡ് കാലത്ത് ഉണ്ടാകുന്നത്. ഇതിനെല്ലാം ഓണ്‍ലൈന്‍ വഴി തന്നെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. 

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയോടനുബന്ധിച്ച് പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്വന്തമായി കെട്ടിടമുള്ള അങ്കണവാടികളുടെ വിവരശേഖരണത്തിനായി ചോദ്യാവലി തയ്യാറാക്കിയിരുന്നു. ചോദ്യാവലി ഗൂഗിള്‍ ഫോം രൂപത്തിലാണ് അങ്കണവാടി ജീവനക്കാര്‍ക്ക് അയച്ചത്. കോമ്പോണ്ട് വാള്‍, ബയോഫെന്‍സിംഗ്, സോക്ക് പിറ്റ്, കിണര്‍ വൃത്തിയാക്കല്‍, കിണര്‍ കുഴിക്കല്‍, കമ്പോസ്റ്റ് പിറ്റ്, വൃക്ഷതൈ നടല്‍ എന്നിവയെക്കുറിച്ചുള്ള വിവരശേഖരണമാണ് നടത്തിയത്. ഇതിലൂടെ 112 അങ്കണവാടികള്‍ക്കാണ് പ്രയോജനം ലഭിച്ചത്.

ലോക മുലയൂട്ടല്‍ ദിനത്തില്‍ വകുപ്പ് തലത്തിലും ബ്ലോക്ക് തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളും പരിപാടികളും നടത്തിയിരുന്നു. പുഴയ്ക്കല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ക്ലിനിക്കില്‍ അമല മെഡിക്കല്‍ കോളേജിലെ പീഡിയാട്രിഷന്‍ കല്യാണി പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസും ശ്രദ്ധ നേടിയിരുന്നു. ഗൂഗിള്‍ മീറ്റ് വഴി നടത്തിയ ഈ പരിപാടിയില്‍ നൂറോളം പേരാണ് പങ്കെടുത്തത്.

ലാക്ടേഷന്‍ കൗണ്‍സലിങ് എന്ന വിഷയത്തില്‍ പുഴയ്ക്കല്‍ ഐ സി ഡി എസ് ഓഫീസിലെ ന്യൂട്രിഷണിസ്റ്റ് അനു വി പി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 200 ഓളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗൂഗിള്‍ മീറ്റ് വഴി ക്ലാസെടുത്തിരുന്നു. 

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹികാധിഷ്ഠിത പരിപാടിയായ 'ഗര്‍ഭിണികളും കോവിഡ് വാക്‌സിനും' എന്ന വിഷയത്തില്‍ 180 അങ്കണവാടി ജീവനക്കാര്‍ക്കും 500 ഗര്‍ഭിണികള്‍ക്കുമാണ് ഓണ്‍ലൈനായി ക്ലാസ് നടത്തിയത്. പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരമുള്ള 106 അപേക്ഷകള്‍ ജൂലൈ മാസത്തില്‍ സ്വീകരിക്കുകയും അവര്‍ക്ക് ധനസഹായത്തിനുള്ള നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. അനീമിയ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സമൂഹത്തിലെ വിവിധ മേഖലയിലുള്ള ആളുകളില്‍ അനീമിയ സംബന്ധിച്ചുള്ള ബോധവല്‍ക്കരണത്തിനായി ക്യാമ്പയിന്‍ 12 എന്ന പരിപാടി നടത്തിയതും വിജയമായിരുന്നു.

date