Skip to main content

കോവിഡ്കാല വിരസത മാറ്റാൻ ഒല്ലൂക്കര ബ്ലോക്കിന്റെ ഓൺലൈൻ ക്ലാസ് 

കോവിഡ് മഹാമാരി കാലത്ത് വീടുകളിൽ കഴിയേണ്ടിവന്ന കുരുന്നുകൾക്ക് കലാവിരുന്നൊരുക്കി ഒല്ലൂക്കര ബ്ലോക്ക്. അതിജീവനകാലത്തെ പ്രതിസന്ധികളെ മറികടക്കാൻ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ ക്ലാസുകൾ ഒരുക്കിയാണ് വിദ്യാർത്ഥികൾക്ക് കരുത്ത് പകരുന്നത്. മോഹിനിയാട്ടം, പെയിന്റിംഗ്, ശാസ്ത്രീയ സംഗീതം എന്നിവയിലാണ് പരിശീലനം നൽകുന്നത്. ബ്ലോക്കിൽ 2018 ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കോവിഡ് കാലത്ത് കുട്ടികൾക്ക് നേരിട്ട് ക്ലാസുകൾ നൽകാൻ കഴിയാത്തതിനാലാണ് ഓൺലൈൻ പരിശീലനം. ബ്ലോക്കിലെ നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം. നിലവിൽ 650 കുട്ടികളുണ്ട്. ഒല്ലൂക്കര ബ്ലോക്കിലെ ട്രൈബൽ വിഭാഗത്തിലെ കുട്ടികളും പദ്ധതിയുടെ ഭാഗമാണ്. സി ഡി മിഷ, ഊർമ്മിള എസ് ശങ്കർ, എ ബി അബുൾ ഹിഷാം, പി ഡി നിത്യ എന്നീ കലാകാരന്മാരുടെ നേതൃത്വത്തിലാണ് പരിശീലനം. വിദ്യാർത്ഥികളിലെ കോവിഡ്കാല വിരസത മാറ്റുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സാംസ്കാരിക രംഗത്തെ പുത്തനുണർവിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പരിപാടിയാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി. ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കലാസമിതികൾ, വായനശാലകൾ, സ്കൂൾ കലാസമിതികൾ എന്നിവ കേന്ദ്രീകരിച്ച് കലാപഠനത്തിൽ താൽപ്പര്യമുള്ളവർക്കാണ് പരിശീലനം നൽകുന്നത്. കേരളത്തിന്റെ തനത് ക്ലാസിക്കൽ കലാരൂപങ്ങളുടെ പരിപോഷണവും സുകുമാരകലയിൽ നിശ്ചിത യോഗ്യത നേടിയ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയുമാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

date