Skip to main content

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  ഒന്നാം വര്‍ഷ പരീക്ഷ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഈ മാസം ആറ്, ഏഴ് തീയതികളില്‍ ആരംഭിക്കുന്ന പരീക്ഷയ്ക്കു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നിലവില്‍ വിവിധ സ്‌കൂളുകളിലായി കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പരീക്ഷയുടെ ഭാഗമായി ഈ സ്‌കൂളുകളില്‍ നിന്നും സെന്റര്‍ മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. സെന്ററുകള്‍ മാറ്റാന്‍ സാധിക്കാത്ത ഏതെങ്കിലും സ്‌കൂള്‍ ഉണ്ടെങ്കില്‍ പരീക്ഷാകേന്ദ്രം മറ്റൊരിടത്തേക്കു മാറ്റുന്നതു സംബന്ധിച്ച നടപടി സ്വീകരിക്കണം. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും താപനില പരിശോധിക്കുന്നതിനായി തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

   കോവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയ മുറി സജ്ജമായിരിക്കണം. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ ഇവിടെ ക്രമീകരിക്കണം. ഈ മാസം അഞ്ചിന് മുന്‍പ് അധ്യാപകര്‍ വാക്സിന്‍ എടുത്തിരിക്കണം. ശാരീരിക അകലം പാലിച്ച് പരീക്ഷ നടത്താന്‍ സാധിക്കാത്ത ഏതെങ്കിലും സെന്റര്‍ ഉണ്ടെങ്കില്‍ അവ അറിയിക്കണം. കോവിഡ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ പരീക്ഷ കഴിയുന്നതുവരെ അവയില്‍ നിന്നും ഒഴിവാക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി എത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് ഓരോരുത്തരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

എ.ഡി.എം. അലക്സ് പി. തോമസ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, നഗരസഭാ സെക്രട്ടറിമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എല്‍ ഷീജ, ഡി.ഡി.പി കെ.ആര്‍ സുമേഷ്, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാ കുമാരി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ സജി ഇഡിക്കുള, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. ബീനാറാണി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, ഹയര്‍ സെക്കന്‍ഡറി  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സുധ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date