Skip to main content

നൂറുദിന കർമ്മ പദ്ധതി വിദ്യാ തരംഗിണി പദ്ധതിയിലൂടെ  ആറ് കോടി രൂപ വിതരണം ചെയ്തു

 

 

കാക്കനാട്: നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ഫോൺ വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി വായ്പ വഴി ജില്ലയിൽ ഇതുവരെ ആറുകോടി 98 ലക്ഷം രൂപ വിതരണം ചെയ്തു. സഹകരണ വകുപ്പിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഒരാൾക്ക് പരമാവധി 10,000 രൂപയായിരുന്നു പലിശരഹിത വായ്പ നൽകിയത്. ആകെ  69,857,259 രൂപ ജില്ലയിൽ വിതരണം ചെയ്തു. 

 

സഹകരണ സംഘങ്ങളിലൂടെയാണ് അപേക്ഷകൾ സ്വീകരിച്ചത്. 7208 അപേക്ഷകൾ ലഭിച്ചതിൽ 7041 വിദ്യാർത്ഥികൾ സഹായം സ്വീകരിച്ചു. സഹകരണ സംഘം അംഗങ്ങൾ അല്ലാത്തവരുടെയും അപേക്ഷകൾ പരിഗണിച്ചു. വായ്പ 24 മാസം കൊണ്ട് തിരിച്ചടക്കുന്ന കാലാവധിയാണ് നൽകുന്നത് . അപേക്ഷയോടൊപ്പം വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിൽ നിന്നുള്ള രേഖയും മൊബൈൽ ഫോൺ വാങ്ങിയ ബില്ലും  ഉൾപ്പെടുത്തണം. ആൾ ജാമ്യ വ്യവസ്ഥയിലാണ് വായ്പ നൽകിയത്.

കാലാവധി പൂർത്തിയായിട്ടും വായ്പ തിരിച്ചടച്ചില്ലെങ്കിൽ 8 ശതമാനം പലിശ നിരക്ക് ഈടാക്കും. 

കൊച്ചി താലൂക്കിൽ 914 അപേക്ഷകൾക്കായി 9123198 രൂപയും കണയന്നൂർ താലൂക്കിൽ 1072 അപേക്ഷകളിലായി 10672706 രൂപയും ആലുവ താലൂക്കിൽ 844 അപേക്ഷകർക്കായി 8410353 രൂപയും പറവൂർ താലൂക്കിൽ 1101 അപേക്ഷകർക്കായി 10880680 രൂപയും കുന്നത്തുനാട് താലൂക്കിൽ 1065 അപേക്ഷകർക്കായി 10593789 രൂപയും കോതമംഗലം താലൂക്കിൽ

1224 അപേക്ഷകർക്കായി 12002434 രൂപയും മുവാറ്റുപുഴ താലൂക്കിൽ 821 അപേക്ഷകർക്കായി 8174099 രൂപയും ഇതുവരെ വിതരണം ചെയ്തു.

date