Skip to main content

കോവിഡ്: രോഗലക്ഷണമുള്ളവര്‍ പരിശോധന നടത്തണം

 

ഇടുക്കി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും കോവിഡ് ടെസ്റ്റ് നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ.എന്‍ അറിയിച്ചു.   ജില്ലയില്‍ കലശലായ പ്രമേഹരോഗബാധയുള്ളവര്‍, അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍, കിടപ്പു രോഗികള്‍, കാന്‍സര്‍ രോഗികള്‍ ,വൃക്ക രോഗമുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങിയവര്‍ ധാരാളമുണ്ട്. ഇത്തരം രോഗങ്ങളുള്ളവര്‍ സ്രവ പരിശോധനയിലും ചികില്‍സ തേടുന്നതിലും വിമുഖത കാണിക്കു ന്നുണ്ടു്. ഇവരില്‍  രോഗം മൂര്‍ച്ഛിക്കുന്നതിനും മരണത്തിനുമുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് മറ്റു രോഗങ്ങളുള്ളവര്‍ കോവിഡ് ടെസ്റ്റ് ചെയ്ത് രോഗബാധ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
അതോടൊപ്പം കോവിഡ് പോസിറ്റീവ് ആകുന്ന വര്‍, ജീവിത ശൈലീ രോഗങ്ങള്‍ ഉണ്ടോ എന്ന കാര്യം ഉറപ്പു വരുത്തേണ്ടതാണ്.

 ഈ സാഹചര്യത്തില്‍ താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.

1) 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. കിടപ്പു രോഗികള്‍ക്ക് അതാത് പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതാണ്.

2) 18 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവിത ശൈലി രോഗബാധിതരായ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കേണ്ടതാണ്.

3) കോവിഡിനു സമാനമായ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ സ്രവപരിശോധനയ്ക്ക് വിധേയമായി രോഗമില്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണ്. രോഗം സ്ഥിരീകരിച്ചാല്‍ വീടുകളില്‍ സൗകര്യമുള്ളവര്‍ മാനദണ്ഡപ്രകാരം വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയേണ്ടതാണ്. സൗകര്യമില്ലാത്തവര്‍ അതതു പ്രദേശത്തുള്ള ഡൊമിസിലിയറി കെയര്‍ സെന്ററില്‍ ഐസൊലേഷനില്‍ കഴിയേണ്ടതാണ്. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച് ഓക്‌സിജന്റെ ലെവല്‍ നിരീക്ഷിക്കേണ്ടതാണ്.

4) കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ കോവിഡ് കെയര്‍ ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ സി. എഫ്.എല്‍.റ്റി.സിയില്‍  ചികില്‍സ തേടണം.

5) കോവിഡ് രോഗികളുടെ പ്രൈമറി സമ്പര്‍ക്കത്തിലുള്ളവര്‍ പ്രത്യേകിച്ചും ജീവിത ശൈലി രോഗമുള്ളവര്‍ സ്രവ പരിശോധന നടത്തുകയും ക്വാറന്റൈനില്‍ കഴിയേണ്ടതുമാണ്.

6)  ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാന്‍, കച്ചവടക്കാര്‍, മാര്‍ക്കറ്റിലുള്ളവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ,അതിഥി സംസ്ഥാനത്തൊഴിലാളികള്‍ എന്നിവര്‍ കൃത്യമായ ഇടവേളയ്ക്ക് സ്രവ പരിശോധന നടത്തേണ്ടതും രോഗ പകര്‍ച്ച ഒഴിവാക്കേണ്ടതുമാണ്.

7) ജീവിത ശൈലി രോഗമുള്ളവരും അനുബന്ധ രോഗമുള്ളവരും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. അത്യാവശ്യ ഘട്ടത്തില്‍ പുറത്തിറങ്ങേണ്ടി വന്നാല്‍ മാസ്‌കും സാനിറ്റെസറും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.

date