Skip to main content

കോവിഡ് പ്രതിരോധം: ഒന്നാം ഡോസ് എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കുന്നംകുളത്ത് ആക്ഷന്‍ പ്ലാന്‍

വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുമായി കുന്നംകുളത്ത് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും. എ സി മൊയ്തീന്‍ 
എം എല്‍ എയുടെ അധ്യക്ഷതയില്‍ കുന്നംകുളത്ത്‌ചേര്‍ന്ന ഓണ്‍ലൈന്‍യോഗത്തിലാണ് തീരുമാനം. 

നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുന്നംകുളം നഗരസഭ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേര്‍ന്നത്. തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ വാക്സിന്‍ ലഭിക്കാത്ത മുഴുവന്‍ പേര്‍ക്കും അടിയന്തരമായി വാക്സിനേഷന്‍ നല്‍കാനും എം എല്‍ എ നിര്‍ദ്ദേശിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വീടുകളില്‍ ക്വാറന്റൈനില്‍ തുടരുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് 
ആര്‍ ആര്‍ ടി പ്രവര്‍ത്തകര്‍ മുഖേന തദ്ദേശ സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം. വീടുകളില്‍ ക്വാറന്റൈനില്‍ തുടരുന്നതിന് അസൗകര്യമുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ചെയ്തു കൊടുക്കും.

നിയോജക മണ്ഡലത്തില്‍ ആരോഗ്യവിഭാഗം ജീവനക്കാരുടെ കുറവ് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പരിഹരിക്കാനും 
എം എല്‍ എ നിര്‍ദ്ദേശം നല്‍കി. വാര്‍ഡ്തലമോണിറ്ററിങ് സമിതികളുടേയും ആര്‍ ആര്‍ ടികളുടേയും പ്രവര്‍ത്തനം തദ്ദേശ സ്ഥാപന തലത്തില്‍ മോണിറ്ററിങ് ചെയ്യാനും അപാകതകള്‍ പരിഹരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി.നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

അവലോകന യോഗത്തില്‍ നിയോജക മണ്ഡലം നോഡല്‍ ഓഫീസറും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമായ ഡോ.കൃപകുമാര്‍, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാരവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്,പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ എം വി സിനോജ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബസന്ത്‌ലാല്‍, പി ഐ രാജേന്ദ്രന്‍, രേഷ്മ, ചിത്ര വിനോബാജി, മീന സാജന്‍, അഡ്വ. രാമകൃഷ്ണന്‍,കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ വി മണികണ്ഠന്‍,പഴഞ്ഞി സി എച്ച് സി സൂപ്രണ്ട് ഡോ. വാസുദേവന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനീത്തുടങ്ങിയവര്‍ പങ്കെടുത്തു.

date