Skip to main content

പ്രകൃതി സൗഹൃദ വികസന പദ്ധതികളുമായി പെരുംതോട്- വലിയതോട്- ബ്ലാങ്ങാച്ചാൽ പദ്ധതി

സംസ്ഥാനത്ത് കയർ ഭൂവസ്ത്രം വിരിച്ചു സംരക്ഷിച്ച ഏറ്റവും വലിയ തോടായ 'പെരുംതോട്- വലിയതോട്' നവീകരണ പദ്ധതി കൂടുതൽ വിപുലമാക്കുന്നു. പദ്ധതിയിലേക്ക് ബ്ലാങ്ങാച്ചാൽ തോടിനേയും ഉൾപ്പെടുത്തി ജനപങ്കാളിത്തത്തോടെ  വീണ്ടും നവീകരണത്തിന് ഒരുങ്ങുകയാണ്. ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഓൺലൈനായി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. 

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, മഹാത്മാഗാന്ധി  ദേശീയ തൊഴിലുറപ്പു പദ്ധതി, കുടുംബശ്രീ, ജലസേചനവകുപ്പ്, വാട്ടർ അതോറിറ്റി, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, കൃഷിവകുപ്പ്, കലാസാംസ്കാരിക പ്രവർത്തകർ, വിവിധ ക്ലബ്ബുകൾ തുടങ്ങി ഈ പദ്ധതിയുമായി സഹകരിക്കുന്ന  മുഴുവൻ പേരെയും  ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പെരുംതോട് വലിയതോടും ബ്ലാങ്ങാച്ചാൽ തോടും മതിലകം ബ്ലോക്ക് പഞ്ചായത്തിലെ മറ്റു പ്രധാന തോടുകളും കൈവഴികളും ഉൾപ്പെടുത്തിയാണ് പുതിയ നവീകരണ പദ്ധതി രൂപീകരിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടും വിവിധ ഡിപ്പാർട്ട്മെന്റ് ഫണ്ടുകളും ഉപയോഗപ്പെടുത്തും.  

പെരുംതോട് വലിയതോടിന്റെ മൂന്നാംഘട്ട നവീകരണ പ്രവൃത്തികൾക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ ഒന്നര കോടി രൂപയാണ്  അനുവദിച്ചത്. കയ്പമംഗലം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പെരുംതോട് സമീപ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും,​ ഭൂഗർഭജലം നിലനിർത്താനും പ്രധാന പങ്ക് വഹിക്കുന്നതാണ്.

പുൽക്കാടുകൾ,​ മാലിന്യങ്ങൾ എന്നിവ നിറഞ്ഞ് മലിനമായിരുന്ന പെരുംതോട് രണ്ട് വർഷം മുമ്പാണ് ശുചിയാക്കിയത്. 
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ചെയർമാനായും മുൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി ജനറൽ കൺവീനറായും അഞ്ച് പഞ്ചായത്തിലെ പ്രസിഡന്റുമാർ കൺവീനർമാരായും രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും അതത് പ്രദേശത്തെ ബഹുജന സംഘടനകളും ക്ലബ് പ്രവർത്തകരും വിദ്യാർത്ഥികളും സംയുക്തമായാണ് പെരുംതോട് വലിയ തോടിന് പുതുജീവൻ നൽകിയത്.
തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഇരുകരകളും വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കിയാണ് ഒന്നാംഘട്ട നവീകരണം പൂർത്തിയാക്കിയത്. കയര്‍ഭൂവസ്ത്രം പുതച്ച് സുന്ദരിയായി മാറിയ പെരുംതോടിന്റെ കഥ ഡോക്യുമെന്ററിയാവുകയും കേരളത്തിലെ തന്നെ ഏറ്റവും വലിയ കയര്‍ ഭൂവസ്ത്രം അണിഞ്ഞ പദ്ധതിയാണെന്ന് മുൻമന്ത്രി തോമസ് ഐസക്ക് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാമണ്ണ് സംരക്ഷണ ഓഫീസർ മായ, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ, തഹസിൽദാർ കെ രേവ, മതിലകം എ ഡി എ  അനില മാധവ്,  ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഹാരിസ്, വിവിധ പഞ്ചായത്ത്  പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date