Skip to main content

മുസിരിസ് 'എന്റെ പൈതൃകം' സംസ്ഥാനതല പെൻസിൽ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

ലോകപൈതൃക ദിനമായ ഏപ്രിൽ 18ന് മുസിരിസ് പൈതൃക പദ്ധതി കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'എന്റെ പൈതൃകം' മൊബൈൽ ഫോട്ടോഗ്രാഫി/ പെൻസിൽ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പെൻസിൽ ചിത്രരചന മത്സരത്തിൽ കൊല്ലം സിറ്റി സെൻട്രൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി സൂര്യദത്ത് എസ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കണ്ണൂർ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജഗന്നാഥ് കെ.എം , മൂന്നാം സ്ഥാനം പാലക്കാട് ജി.എച്ച്.എസ്.എസ് നെന്മാറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് സി. സി. എന്നിവർ കരസ്ഥമാക്കി. തൃശൂർ ഗവ ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പാൾ മനോജ് കണ്ണൻ കൺവീനർ ആയിട്ടുള്ള നാലംഗ കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഒന്നാംസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിദ്യാർത്ഥിക്ക് 15000 രൂപ, രണ്ടാംസ്ഥാനത്തിന് 10000 രൂപ മൂന്നാംസ്ഥാനത്തിന് 5000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും നൽകും. സർട്ടിഫിക്കറ്റിനൊപ്പം വിജയികൾക്ക് കുടുംബത്തോടൊപ്പം മുസിരിസ് പൈതൃക പദ്ധതിയിലെ വിനോദസഞ്ചാര പൈതൃക പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി താമസ സൗകര്യത്തോടുകൂടിയുള്ള ഒരു ദിവസത്തെ പൈതൃകബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്. 

കേരളത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ പൈതൃക കാഴ്ചകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് ടൂറിസം വകുപ്പിന് കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അവതരിപ്പിച്ചതാണ് 'എന്റെ പൈതൃകം' എന്ന മൊബൈൽ ഫോട്ടോഗ്രാഫി/ പെൻസിൽ ചിത്രരചന മത്സരം. പെൻസിൽ ചിത്രരചന, മൊബൈൽ ഫോട്ടോഗ്രഫി എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മൊബൈൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ മുസിരിസ് പൈതൃക പദ്ധതി സൂചിപ്പിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ള എൻട്രികൾ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിലെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് അറിയിച്ചു.

date