Skip to main content

മങ്ങാട് പ്രൈമറി ഹെൽത്ത് സെന്ററിൽ  പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു 

 

 

 

ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മങ്ങാട് പ്രൈമറി ഹെൽത്ത് സെന്ററിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. ആരോഗ്യമേഖല അസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിനെതിരെ പ്രതിരോധം തീർക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 

സാമൂഹ്യപ്രവർത്തകൻ ആർ.പി. അഹമ്മദ് കുട്ടി ഹാജി കുടുംബമാണ് ആശുപത്രിക്ക് ആവശ്യമായ സ്ഥലം അനുവദിച്ച് പി.എച്ച്.സിക്കുവേണ്ടി ആർ. പി. സാറാ മെമ്മോറിയൽ ബ്ലോക്ക് എന്ന പേരിൽ പുതിയ കെട്ടിടം നിർമ്മിച്ചു നൽകിയത്. 

ചടങ്ങിൽ എം.കെ രാഘവൻ എം. പി മുഖ്യാതിഥി ആയിരുന്നു. മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജമാൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആശുപത്രികെട്ടിടം നിർമ്മിച്ചുനൽകിയ ആർ.പി. അഹമ്മദ് കുട്ടിഹാജിയെ ചടങ്ങിൽ ആദരിച്ചു.

നജീബ് കാന്തപുരം എം. എൽ.എ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ,  ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത വി. കെ, വൈസ് പ്രസിഡന്റ് ശശി,   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽരാജ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഐ.പി. രാജേഷ്, പി. പി. പ്രേമ, നാസർ എസ്റ്റേറ്റ്മുക്ക്, റംഷിന, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,  ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date