Skip to main content

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള  പ്രവർത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോർട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചെർന്ന് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 16 കമ്മിറ്റികൾ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ്, കമ്മ്യൂണിറ്റി സർവയലൻസ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.
മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. അതിൽ 20 പേർ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
നിപ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ചു. എൻഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കൽ കൂടി സ്ഥിരീകരിക്കാൻ എൻഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കുന്നതാണ്.
മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണൽ ആന്റിബോഡി ആസ്ട്രേലിയയിൽ നിന്നും ഐസിഎംആർ ഏഴ്  ദിവസത്തിനുള്ളിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങൾ എന്നിവ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3085/2021

 

date