Skip to main content

95 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി മുളിയാര്‍ പഞ്ചായത്ത്

 

മുളിയാര്‍ പഞ്ചായത്തില്‍ 95 ശതമാനം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ നടത്തി.  ജനങ്ങളെ നിരന്തരമായ ബോധവത്ക്കരണ പരിപാടികളിലൂടെയാണ്  വാക്‌സിനേഷനിലേക്ക് പഞ്ചായത്ത്‌ എത്തിച്ചത്. ജാഗ്രതാ സമിതി നല്‍കിയ നിരവധി ഓണ്‍ലൈന്‍ ബോധവരണ ക്ലാസുകളിലൂടെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തി.

എല്‍.എച്ച്.ഐയും എല്‍.എച്ച്.എസും ജെ.പി.എച്ച്.എന്‍മാരും ആശാവര്‍ക്കര്‍മാരും ഭരണസമിതി അംഗങ്ങളും മാഷ് പ്രവര്‍ത്തകരും  കുടുംബശ്രീ പ്രവര്‍ത്തകരും അങ്കന്‍വാടി പ്രവര്‍ത്തകരും  ചേര്‍ന്ന മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണ് 95 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായതെന്ന് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി പറഞ്ഞു.

മുളിയാര്‍ സി.എച്ച്.സി, ബോവിക്കാനം സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. അവസാന ഘട്ടത്തില്‍ ബോവിക്കാനം ബഡ്‌സ് സ്‌കൂളിലും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളായ 570 പേര്‍ക്ക് പാലിയേറ്റീവ് നഴ്സുമാർ നേരിട്ട് ചെന്ന് വാക്‌സിന്‍ നല്‍കി. ഇവര്‍ക്ക് ആദ്യ ഘട്ടം വാക്‌സിനേഷന്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടം ആരംഭിച്ചു.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായും പോലീസ് സഹായവും സ്വീകരിച്ചിരുന്നു. മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ എസ്.സി.എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം  വാക്‌സിനേഷന് പ്രത്യേകം ദിവസം കണ്ടെത്തി. കാനത്തൂര്‍ വടക്കേക്കര പ്രദേശത്തെ ആളുകള്‍ക്ക് കോവിഡ് ലോക്ഡൗണ്‍ സമയത്ത്  ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന്  വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി. ഓരോ വിഭാഗത്തിലുള്ള ജനങ്ങളെയും പ്രത്യേകം പരിഗണിച്ച് വാക്‌സിനെത്തിക്കാന്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത്  ജാഗ്രതാ സമിതിയും ഭരണസമിതിയും നടത്തി വരുന്നത്. നൂറ് ശതമാനം വാക്‌സിനേഷന്‍ ഉടന്‍ സാധ്യമാക്കുക എന്നതാണ് പഞ്ചായത്തിന്റെ അടുത്ത ലക്ഷ്യം.
 

date