Skip to main content

സന്നദ്ധ സേവകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം വാതില്‍പ്പടി സേവനം ആദ്യഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ ആറു തദ്ദേശ സ്ഥാപനങ്ങളില്‍

 

അശരണര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുന്ന വാതില്‍പ്പടി സേവന പദ്ധതി ആദ്യ ഘട്ടത്തില്‍ കോട്ടയം ജില്ലയിലെ ആറു തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കും.  മാടപ്പള്ളി,  വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലുമാണ് സംസ്ഥാനത്തെ മറ്റ് 44 തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം സെപ്റ്റംബര്‍ 15ന് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

പ്രായാധിക്യം, ഗുരുതര രോഗം തുടങ്ങിയവ മൂലം അവശത അനുഭവിക്കുന്നവരെയും അറിവില്ലായ്മയും മറ്റ് നിസ്സഹായാവസ്ഥകളും മൂലം സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം കൃത്യമായി ലഭിക്കാത്ത ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് വാതില്‍പ്പടി സേവന പദ്ധതി നടപ്പാക്കുന്നത്. 

തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിന്‍റെയും സാമൂഹിക സന്നദ്ധ സേനാ ഡയറക്ടറേറ്റിന്‍റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ മസ്റ്ററിംഗ് സേവനങ്ങള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമേണ മറ്റു സേവനങ്ങളും ലഭ്യമാക്കും.

ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കലും ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണവുമാണ് നടത്തുക. സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നത്. 

നിര്‍വഹണത്തിനായി സംസ്ഥാന, ജില്ലാ, തദ്ദേശസ്ഥാപന തലങ്ങളിലും വാര്‍ഡ് തലത്തിലും പ്രത്യേക സമിതികളുണ്ടാകും. വാര്‍ഡ് അംഗം, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രതിനിധി, അക്ഷയ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയര്‍മാര്‍ തുടങ്ങിവര്‍ ഉള്‍പ്പെട്ട സമിതിയാണ് വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുക.   ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

വോളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സന്നദ്ധ സേവകര്‍, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയില്‍ ഏതു മേഖലയിലും സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം.

ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന തദ്ദേശ സ്ഥാപ മേഖലകളില്‍ സേവമനുഷ്ഠിക്കാന്‍ താത്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുകയോ പഞ്ചായത്ത്,മുനിസിപ്പല്‍ സെക്രട്ടറിമാരെ ബന്ധപ്പെടുകയോ ചെയ്യണം.

date