Skip to main content

പരമാവധി സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും:  മുഖ്യമന്ത്രി പിണറായി വിജയന്‍ 

 

 

- ജില്ലയില്‍ 93 വില്ലേജുകള്‍ സ്മാര്‍ട്ട് ആയി 

 

ആലപ്പുഴ: പരമാവധി സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി റവന്യൂ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശിക വികസനത്തിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് എന്ന ആശയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടെയും അടിസ്ഥാന വിവരങ്ങള്‍, ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഓഫീസുകളില്‍ വെബ്‌സൈറ്റ് ക്രമീകരിച്ചത്. 

 

പ്രാദേശികമായി വിവരങ്ങള്‍ പെട്ടെന്ന് കണ്ടെത്താനും സാക്ഷ്യപ്പെടുത്തിയ ഭൂരേഖകള്‍ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ലഭിക്കും വിധമാണ് റവന്യൂ ഇ- പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുള്ളത്. കൂടുതല്‍ പേര്‍ക്ക് ഒരേസമയം സേവനം ലഭ്യമാക്കാന്‍ ഇ- പോര്‍ട്ടല്‍ സെര്‍വറിന്റെ പ്രാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സാക്ഷരതയിലുള്ള മുന്നേറ്റവും വളര്‍ച്ചയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ- ഗവണ്‍മെന്റ് സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പര്യാപ്തരാക്കിയിട്ടുണ്ട്. ഇതുകൊണ്ടാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യു വകുപ്പിലെ പല സേവനങ്ങളും ഇതിനകം ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. അവയെല്ലാം മികച്ച രീതിയില്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. സര്‍ക്കാര്‍ സേവനങ്ങളില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

ജനങ്ങളുടെ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ എന്നറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ജനോപകാരപ്രദമായ സിവില്‍ സര്‍വീസ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഈ സേവനങ്ങള്‍ കൂടുതല്‍ വ്യാപിക്കേണ്ടതുണ്ട്. 

പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പൊതുജനങ്ങള്‍ക്ക് അനായാസം ഉപയോഗിക്കാവുന്ന വിധമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. റവന്യൂ വകുപ്പില്‍ നിന്നുള്ള മറ്റ് സേവനങ്ങളും മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തെ 1666 വില്ലേജുകള്‍ക്കാണ് പ്രത്യേകം ഔദ്യോഗിക വെബ് സൈറ്റുകള്‍ തയാറാക്കിയിട്ടുള്ളത്. ജില്ലയിലെ 93 വില്ലേജുകളും ഡിജിറ്റലായി. ഭൂനികുതി അടയ്ക്കുന്നതിനായാണ് മൊബൈല്‍ അപ്പ. 

 

സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍, തണ്ടപ്പേര്‍ രജിസ്റ്റര്‍, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരണം, നവീകരിച്ച ഇ- പെയ്മെന്റ് പോര്‍ട്ടല്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നീ സേവനങ്ങള്‍ സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി ലഭിക്കും. www.revenue.kerala.gov.in എന്ന പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ക്കായി അപേക്ഷിക്കാം.

 

എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ സേവനം ലഭിക്കുയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ റവന്യൂ മേഖലയാകെ ഡിജിറ്റലാക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

 

മന്ത്രിമാരായ എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ജി. ആര്‍. അനില്‍, വി. ശിവന്‍കുട്ടി, കെ. കൃഷ്ണന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളായി. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, ജനപ്രതനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date