Skip to main content

ആധുനിക സജ്ജീകരണങ്ങളുപയോഗിച്ച് ലഹരിക്കെതിരെയുള്ള  പ്രതിരോധം ശക്തമാക്കും: മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

 

- എല്ലാ ജില്ലകളിലും ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം സ്ഥാപിക്കും

 

ആലപ്പുഴ: ആധുനിക സാങ്കേതികതയുടെ സഹായത്തോടെ ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എക്സൈസ് ഡിവിഷന് കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ഓഫീസുകളിലും വാഹനങ്ങളിലും സ്ഥാപിച്ച ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും സേനയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനുമായാണ് എക്‌സൈസ് വകുപ്പില്‍ വയര്‍ലെസ് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 16 ഓഫീസുകളിലും 17 വാഹനങ്ങളിലും ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. വാഹനത്തില്‍ നിന്നും പുറത്തേക്ക് അന്വേഷണത്തിനായി പോകുന്നവര്‍ക്ക് കൊണ്ടു നടക്കാവുന്ന 16 ഹാന്‍ഡ് ഹെല്‍ഡ് സെറ്റുകളും ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

എക്‌സൈസ് വകുപ്പില്‍ സോംഗങ്ങളെ കൂട്ടുന്നതിന്റെ ഭാഗമായും പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനായും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 100 പേര്‍ക്ക് വകുപ്പില്‍ നിയമനം നല്‍കും. മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നിലപാട്. മദ്യാസക്തി, മദ്യ വ്യാപനം എന്നിവ പ്രതിരോധിച്ച് മദ്യവര്‍ജനം നടപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെ വിമുക്തി വഴിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

 

ആലപ്പുഴ എക്സൈസ് കോംപ്ലക്സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. വിശിഷ്ടാതിഥിയായി. നഗരസഭാംഗം പി.എസ്. ഫൈസല്‍, എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി. രാജീവ്, എന്‍ഫോഴ്സ്മെന്റ് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എ. അബ്ദുള്‍ റഷി, ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എം. അന്‍സാരി ബീഗു എന്നിവര്‍ പങ്കെടുത്തു. 

date