Skip to main content

പട്ടയമേളക്ക് ഇനി മൂന്ന് ദിനം : ഒരുക്കങ്ങൾ പൂർത്തിയായി

 

 

 

എറണാകുളം : ജില്ലയിലെ 530 കൂടുംബങ്ങൾക്ക് പട്ടയം കൈമാറുന്ന ജില്ലാതല പട്ടയമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പട്ടയമേള സംഘടിപ്പിക്കുന്നത്.  എറണാകുളം ടൗണ്‍ഹാളില്‍  സെപ്തംബർ14 ന്.  രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും കണയന്നൂർ താലൂക്ക് പരിധിയിൽ വരുന്ന തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മന്ത്രി പി.രാജീവ് നിർവഹിക്കും. ടി.ജെ.വിനോദ് എം എൽ എ അധ്യക്ഷനാകും.  എം.പി.മാരായ ഹൈബി ഈഡൻ, തോമസ് ചാഴിക്കാടൻ, മേയർ അഡ്വ.എം.അനിൽകുമാർ, എം എൽ എ മാരായ പി.ടി.തോമസ്, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, അസിസ്റ്റൻ്റ് കളക്ടർ സച്ചിൻ കുമാർ യാദവ്, എഡിഎം എസ്.ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ.ടി.സന്ധ്യാദേവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എൻ.മോഹനൻ, പി.രാജു, മുഹമ്മദ് ഷിയാസ്, ബാബു ജോസഫ്, കെ.എം.മജീദ്, സാബു ജോർജ്, സി.കെ.അബ്ദുൾ അസീസ്, ഷിബു തെക്കുംപുറം, എ എ നജീബ്, എൻ ടി കുര്യച്ചൻ, പി.എസ്.പ്രകാശൻ, അനിൽ ജോസ് കാളിയാടൻ, ബി.എ.അഷ്റഫ് , ഇ.എം.മൈക്കിൾ എന്നിവർ പങ്കെടുക്കും. 

 

താലൂക്ക്തലങ്ങളിലും പട്ടയമേള

 

എറണാകുളം: സെപ്തംബർ 14 നു നടക്കുന്ന ജില്ലാതല പട്ടയമേളയോടനുബന്ധിച്ച് ജില്ലയിലെ ഏഴ് താലൂക്ക് കേന്ദ്രങ്ങളിലും  പട്ടയമേള സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പട്ടയമേള സംഘടിപ്പിക്കുക. ജില്ലാതലത്തിലും വിവിധ താലൂക്കുകളിലും നടക്കുന്ന പട്ടയമേളയില്‍ 10 പേര്‍ക്ക് വീതമാണ് നേരിട്ട് പട്ടയങ്ങള്‍ നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്കുളള പട്ടയങ്ങള്‍  വില്ലേജ് തലത്തില്‍ വിതരണം ചെയ്യും. 

കോതമംഗലം താലൂക്കില്‍ 60 ഉം , കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട് താലൂക്കില്‍ 17ഉം, കണയന്നൂര്‍ താലൂക്കില്‍ 11ഉം, പറവൂര്‍ താലൂക്കില്‍ 10 ഉം, ആലുവ താലൂക്കില്‍ 5 ഉം, മൂവാറ്റുപുഴ താലൂക്കില്‍ 17 ഉം  ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ 322 പട്ടയങ്ങളും ദേവസ്വം പട്ടയം വിഭാഗത്തില്‍ 58 പട്ടയങ്ങളും ആണ് വിതരണം ചെയ്യുന്നത് . ആകെ 530 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്.

 

date