Skip to main content

ചെമ്പുചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിന് സ്വന്തം പാൽ ശേഖരണ മുറി 

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ചെമ്പുചിറ ക്ഷീരോൽപാദക സംഘത്തിന് പാൽ ശേഖരിക്കാൻ ഇനി സ്വന്തം മുറി. ക്ഷീരവികസന വകുപ്പും കൊടകര ക്ഷീര വികസന യൂണിറ്റും സംയുക്തമായാണ് ഹൈജീനിക് മിൽക്ക് കളക്ഷൻ റൂം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ക്ഷീര വികസന വകുപ്പ് 2020-21 വർഷത്തിൽ ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള മൂലധന ചെലവ് നൽകുന്ന പദ്ധതി പ്രകാരം 5.28 ലക്ഷം രൂപ ചെലവഴിച്ചാണ് കളക്ഷൻ റൂം സംഘത്തിന് ലഭ്യമാക്കിയത്. 

1997 മുതൽ പ്രവർത്തിക്കുന്ന ക്ഷീരോൽപ്പാദന സഹകരണ സംഘമാണ് ചെമ്പുചിറ ക്ഷീര സംഘം. നൂറോളം ക്ഷീര കർഷകരിൽനിന്ന് പ്രതിദിനം 500 ലിറ്റർ പാൽ സംഘത്തിൽ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ 23 വർഷങ്ങളായി വാടകമുറിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന് ക്ഷീരവികസന വകുപ്പിന്റെ സഹായത്തോടെയാണ് സ്വന്തമായി ഭൂമിയിൽ ഹൈജീനിക് മിൽക്ക് കളക്ഷൻ റൂം സ്ഥാപിക്കാൻ കഴിഞ്ഞത്. 5,82,000 രൂപ ചെലവിൽ നിർമ്മിച്ച മിൽക്ക് കളക്ഷൻ റൂമിന്റെ 75% തുകയായ 3,75,000 രൂപ സബ്സിഡിയായി ക്ഷീരവികസന വകുപ്പ് നൽകി.

400 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് മുറികളായാണ് കളക്ഷൻ റൂം നിർമ്മിച്ചിട്ടുള്ളത്. ഒരു മുറിയിൽ പാൽ ശേഖരിക്കലും അളക്കലും വിതരണവും നടത്തും. അടുത്ത മുറിയിൽ കേരളഫെഡ്,  മിൽമ എന്നിവയുടെ കാലിത്തീറ്റ സംഭരിച്ച് ക്ഷീര കർഷകർക്ക് വിൽപനയും നടത്തും. ദിവസേന ശേഖരിക്കുന്ന 500 ലിറ്റർ പാൽ ആവശ്യക്കാർക്ക് വിൽപന നടത്തിയതിനു ശേഷം ബാക്കി വരുന്നത് മിൽമയിലേക്കും നൽകും. രണ്ടാം ഘട്ടത്തിൽ ഇതേ കെട്ടിടത്തിനോട് ചേർന്ന് രണ്ട് മുറികൾ കൂടി നിർമ്മിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. മിൽമ ഉൽപ്പന്നങ്ങളായ പാൽ, തൈര്, നെയ്യ്, ഐസ്ക്രീം, ഫ്ലവേർഡ്‌ മിൽക്ക്, പേഡ എന്നിവയും ഇവിടെ വിൽപ്പനക്ക് സജ്ജമാക്കും.

കളക്ഷൻ റൂം ഉദ്ഘാടനം സെപ്റ്റംബർ 6 ന് തൃശൂർ എം പി ടി എൻ പ്രതാപൻ നിർവഹിക്കും. പുതുക്കാട് നിയോജക മണ്ഡലം എംഎൽഎ കെ കെ രാമചന്ദ്രൻ അധ്യക്ഷനാകും. സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ മിൽമ ചെയർമാൻ ജോൺ തെരുവത്ത് ചടങ്ങിൽ ആദരിക്കും. ഇതിന് പുറമെ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകയെ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയും, എസ്‌ സി, എസ്‌ ടി കർഷകനെ ജില്ലാ പഞ്ചായത്ത് അംഗം വി എസ്‌ പ്രിൻസും ആദരിക്കും.

date