Skip to main content

തണ്ണിത്തോട് ഗവ. യുപി സ്‌കൂളിന്റെ മുഖം മാറുന്നു; പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (14)

തണ്ണിത്തോട് ഗവണ്‍മെന്റ് വെല്‍ഫയര്‍ യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 14ന്) മുഖ്യമന്ത്രി  പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. മലയോര മേഖലയിലെ കുട്ടികളുടെ ആശ്രയമായ സ്‌കൂള്‍ വര്‍ഷങ്ങളായി സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയായിരുന്നു. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

രണ്ടു നിലകളിലായി നിര്‍മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തില്‍ വിശാലമായ ആറ് ക്ലാസ് മുറികളാണുള്ളത്. ഒന്നാം നിലയിലെ ക്ലാസ് മുറികള്‍ പ്രത്യേക ഷട്ടര്‍ സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നതിനാല്‍ അവശ്യഘട്ടങ്ങളില്‍ ഒന്നാം നില പൂര്‍ണമായും വലിയ ഹാളായി ക്രമീകരിക്കാനാകും. കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയും ഇലക്ട്രിക്കല്‍ വര്‍ക്കുകളും ഉള്‍പ്പെടുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായിക്കഴിഞ്ഞു. പൊതുമരാമത്ത് പ്രത്യേക കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തത് എസ്.കെ. ജെ.കെ. കമ്പനിയാണ്.

കഴിഞ്ഞ വര്‍ഷം എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ച കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നിശ്ചയിച്ച വേഗത്തിലാണ് പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് (14) തണ്ണിത്തോട് ഗവണ്‍മെന്റ് വെല്‍ഫയര്‍ സ്‌കൂള്‍ കെട്ടിടം ഉള്‍പ്പെടെ 92  കെട്ടിടങ്ങളാണ് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഭാഗമായി സ്‌കൂള്‍ ഹാളില്‍ വച്ച് അഡ്വ. കെ. യു ജെനീഷ് കുമാര്‍ എംഎല്‍എ ശിലാഫലക അനാച്ഛാദനം നിര്‍വഹിക്കും.

എംഎല്‍എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കെട്ടിടം സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പൊന്നച്ചന്‍ കടമ്പാട്ട്, പഞ്ചായത്ത് അംഗങ്ങളായ  പത്മകുമാരി, എ.ആര്‍. സ്വഭു, പിറ്റിഎ പ്രസിഡന്റ് അജയകുമാരന്‍  നായര്‍, ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ. ആര്‍. പ്രിയദേവി, തണ്ണിത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ പ്രസാദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ഘട്ടംഘട്ടമായി കോന്നി നിയോജക മണ്ഡലത്തിലെ  എല്ലാ പൊതുവിദ്യാലയങ്ങളും ഉന്നത നിലവാരത്തിലാക്കുമെന്നും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പഠന നിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍  ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും എംഎല്‍എ അറിയിച്ചു.

 

 

date