Skip to main content

വിധവ/വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട  സ്ത്രീകള്‍ക്കായുള്ള ഇമ്പിച്ചിബാവ ഭവനപുരുധാരണപദ്ധതി

  മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിംങ്, ഫിനിഷിങ്, പ്ലബിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.  അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ച.മീറ്റര്‍ കവിയരുത്. അപേക്ഷ കുടുംബത്തിലെ ഏകവരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകരോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അതാത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബര്‍ 30.

 

 

date