Skip to main content

നൂറുദിനകര്‍മ്മപരിപാടി പട്ടയമേള വഴി  ജില്ലയില്‍ വിതരണം ചെയ്തത് 830 പട്ടയങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് മനുഷ്യരില്‍  ആത്മാഭിമാനമുണര്‍ത്തുന്ന പദ്ധതികള്‍: മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

 
ഓരോരുത്തരേയും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ഭൂമിയും രേഖയും എന്നത് അതിന്റെ ഭാഗമാണെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി സംഘടിപ്പിച്ച പട്ടയമേളയുടെ ജില്ലാതല ഉല്‍ഘാടനം തളിപ്പറമ്പ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം. അനര്‍ഹമായി കൈവശം വച്ച ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും അത്തരക്കാരെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കരുതലോടെയാണ് കേരളത്തിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമുള്‍പ്പെടെയുള്ള അടിസ്ഥാനവിഭാഗങ്ങളെ സംസ്ഥാനസര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ലാന്റ് ട്രിബ്യൂണല്‍ പട്ടയം 805, ലക്ഷം വീട് പദ്ധതി പ്രകാരം ഭൂമികൈവം വെച്ചവര്‍ക്കുള്ള പട്ടയം 18,  ദേവസ്വം ഭൂമി പട്ടയം രണ്ട്, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കുന്ന മിച്ചഭൂമി പട്ടയം അഞ്ച് എന്നിങ്ങനെയാണ് ജില്ലയില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍.
അഡ്വ.സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിശിഷ്ടാതിഥിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബര്‍ട്ട് ജോര്‍ജ്, എ ഡി എം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, തഹസില്‍ദാര്‍ പി കെ ഭാസ്‌കരന്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന തലശ്ശേരി താലൂക്ക്  തല പട്ടയമേളയില്‍ കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി സുജാത അധ്യക്ഷയായി. കെ പി മോഹനന്‍ എം എല്‍ എ പട്ടയം വിതരണം ചെയ്തു. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല, കൗണ്‍സിലര്‍ ലിജി സജേഷ്, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, തലശ്ശേരി തഹസീല്‍ദാര്‍ കെ ഷീബ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിട്ടി താലൂക്ക് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശ്രീലത അധ്യക്ഷയായി. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ പട്ടയം വിതരണം ചെയ്തു. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, നഗരസഭാ കൗണ്‍സിലര്‍ വി പി അബ്ദുള്‍ റഷീദ്, ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്‍, ലാന്‍ഡ് ട്രിബ്യൂണല്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ എഫ് യാസിര്‍ ഖാന്‍, മറ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പയ്യന്നൂര്‍ താലൂക്ക് തല പട്ടയ വിതരണം ടി ഐ മധുസൂദനന്‍ എം എല്‍ എ നിര്‍വഹിച്ചു. പയ്യന്നൂര്‍ നിയോജക മണ്ഡലം, കല്യാശേരി നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗം എന്നിവയാണ് പയ്യന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആറങ്ങാട് കോളനിയിലെ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള  നടപടികള്‍ നടന്നുവരുന്നതായി ടി ഐ മധുസൂദനന്‍ എം എല്‍ എ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നാല് ലക്ഷം രൂപ പ്രകൃതിക്ഷോഭത്തില്‍ മരിച്ച പെരിന്തട്ട കാവിന്നരികത്ത് മഹേഷിന്റെ കുടുംബത്തിന് കൈമാറി. പയ്യന്നൂര്‍ നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. എം വിജിന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തഹസില്‍ദാര്‍മാരായ കെ ബാലഗോപാലന്‍, എസ് എന്‍ അനില്‍കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date