Skip to main content

ജില്ലയിൽ 1,326 ലൈഫ് ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം നാളെ (സെപ്റ്റംബർ 18)

ജില്ലയിൽ 1,326 ലൈഫ് മിഷൻ ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം നാളെ (സെപ്റ്റംബർ 18) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നാളെ ഉച്ചക്ക് 12ന് ഓൺലൈനായാണു ചടങ്ങ്. നിർമാണം പൂർത്തീകരിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തും. 

 

ജില്ലയിൽ 54 തദ്ദേശ സ്ഥാപനങ്ങളിലായാണ് 1,326 വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. പെരിങ്ങമല ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ. 127 ലൈഫ് വീടുകളാണ് ഇവിടെ നിർമിച്ചത്. 

 

പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽലെ തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.കെ.വിനീതിന്റെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ. ശരത്ചന്ദ്രൻ, ഗ്രാമവികസന പ്രോജക്ട് ഡയറക്ടർ വൈ. വിജയകുമാർ, കുടുംബശ്രീ അഡി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി.വി. ശ്രീലത, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, വിവിധ മുൻസിപ്പാലിറ്റി സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date