Skip to main content

തീരദേശമേഖലയിൽ വേലിയേറ്റ ഭീഷണിയുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

തീരദേശമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്നതും വേലിയേറ്റ ഭീഷണിയുള്ളതുമായ മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണു സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പുനർഗേഹം പദ്ധതിപ്രകാരം കാരോട് മൽസ്യതൊഴിലാളി കുടുംബങ്ങൾക്കായി നിർമിച്ച 'നിറവ്' ഭവനസമുച്ചയത്തിന്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

 

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയവയെല്ലാം സർക്കാർ ഉറപ്പുവരുത്തുമെന്നു മന്ത്രി പറഞ്ഞു. പൊഴിയൂർ തീരദേശ മേഖലയിലെ കൊല്ലങ്കോട്, പരുത്തിയൂർ മൽസ്യഗ്രാമങ്ങളിൽ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 128 മൽസ്യതൊഴിലാളി കുടുംബങ്ങൾക്കാണ്  പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന സമുച്ചയം നിർമിച്ചു നൽകിയത്.  

 

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഫിഷറീസ് വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തി ഫ്ളാറ്റുകൾ കൈമാറിയത്. ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷനായി. 

 

കാരോട് കാരയ്ക്കാവിളയിൽ നടന്ന പരിപാടിയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻഡാർവിൻ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജുനൻ, കാരോട് പ്രസിഡന്റ് എം. രാജേന്ദ്രൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം തുടങ്ങിയവർ പങ്കെടുത്തു.

date