Skip to main content

പുനർഗേഹം പദ്ധതിയിൽ 12 വീടുകളുടെ താക്കോൽ കൈമാറി

 

 

എറണാകുളം : സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി   ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന  പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാനതല ഗൃഹപ്രവേശം  മുഖ്യമന്ത്രി  പിണറായി വിജയന്‍   ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തുടർന്ന് വൈപ്പിനിൽ നടന്ന ജില്ലാതല പരിപാടി വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 

 

തീരമേഖലയിൽ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവർക്ക്  പുനർഗേഹം പദ്ധതി  സുരക്ഷിത ജീവിതത്തിന് വഴി തെളിക്കുമെന്ന് പി. രാജീവ് പറഞ്ഞു. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി ബൃഹത് പദ്ധതിയാണ് ചെല്ലാനത്ത് സർക്കാർ നടപ്പാക്കുന്നത്.

 

കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ വീടുകളുടെ താക്കോൽ കൈമാറി.  ജില്ലയിൽ 12  വീടുകളുടെ താക്കോലാണ് കൈമാറിയത്.വൈപ്പിൻ മണ്ഡലത്തിൽ 7 വീടുകളുടെയും കൊച്ചി മണ്ഡലത്തിൽ 5 ഭവനങ്ങളുടെ താക്കോലുമാണ് നല്‍കിയത്.  

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള 1398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയും ഉള്‍പ്പെടെ 2450 കോടി രൂപയാണ് പദ്ധതിയുടെ  ചെലവ്. സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് ധനസഹായം.

 

 ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ

 അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ,  ഞാറയ്ക്കൽ, കുഴിപ്പിള്ളി , എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ടി ടി ഫ്രാൻസിസ് , നിബിൻ കെ എസ്,  ഹസീന അബ്ദുൽസലാം,  നീതു ബിനോദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ  കെ ജെ ഡോണോ, അഗസ്റ്റിൻ മണ്ടോത്ത്,  ഫിഷറീസ് മധ്യ മേഖല ജോയിന്റ് ഡയറക്ടർ എം എസ് സാജു , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു 

date