Skip to main content

മുട്ട, പാൽ, കോഴി ഉത്പാദനത്തിൽ  സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: മുട്ടയ്ക്കും പാലിനും കോഴിയിറച്ചിക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 

സംസ്ഥാന പോൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിയുടെ മരങ്ങാട്ടുപിള്ളി പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

 

കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടനവധി പദ്ധതികൾ പോൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്നുണ്ട്. സ്വയംപര്യാപ്തതയ്ക്കൊപ്പം വീട്ടമ്മമാർക്ക് വരുമാനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

 

വിധവകളടങ്ങിയ 905 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്ക് 10 കോഴി, മൂന്നു കിലോ തീറ്റ, മരുന്ന് തുടങ്ങിയവയാണ് നൽകുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി 350 ഗുണഭോക്താക്കൾക്ക് മന്ത്രി കോഴികളെ വിതരണം ചെയ്തു.

 

മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് പള്ളി പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനായി. കോഴിത്തീറ്റ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം കാപ്ഷൻ

 

സംസ്ഥാന പോൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിയുടെ മരങ്ങാട്ടുപിള്ളി പഞ്ചായത്തുതല ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു.

 

date