Skip to main content

ലൈഫ് മിഷന്‍ നവകേരള നിര്‍മിതിയുടെ ഉത്തമ ഉദാഹരണം-മുഖ്യമന്ത്രി 

ആലപ്പുഴ: എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള നവകേരള നിര്‍മിതിയുടെ ഉത്തമ ഉദാഹരണമാണ് ലൈഫ് മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മിച്ച 12,067 വീടുകളുടെ താക്കോല്‍ ദാനത്തിന്‍റെ സ്സ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയില്‍ 941 വീടുകളുടെ താക്കോല്‍ ദാനം നടത്തി. ഇതില്‍ 735 എണ്ണം ഗ്രാമപഞ്ചായത്തുകളിലും 206 എണ്ണം നഗരസഭകളിലുമാണ്. 

വീടെന്ന സ്വപ്നം ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്ന് കരുതിയവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയതിനൊപ്പം   ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ വിഹിതം സമാഹരിച്ച് കേന്ദ്ര പദ്ധതികളായ പി.എം.എ.വൈ. (നഗരം/ഗ്രാമം) തുടങ്ങിയവ ലൈഫ് മിഷനുമായി സംയോജിപ്പിച്ചാണ് പദ്ധതി നടത്തിയത്. ഇതുവഴി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 2,62,131 ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനായി.

പുതിയതായി നല്‍കിയതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ. (നഗരം)മുഖേനയുമാണ്. ഇവയില്‍ 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് നല്‍കിയത്. 

ലൈഫ് മിഷന്‍റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 17 ഭവനസമുച്ചയങ്ങള്‍ കൂടി നിര്‍മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. ബി. നൂഹ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലപ്പുഴ  ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപന മേഖലകളില്‍ താക്കോല്‍ ദാനച്ചടങ്ങ് നടന്നു.

ആലപ്പുഴ നഗരസഭയില്‍ പൂര്‍ത്തിയായ 171 ലൈഫ് വീടുകളുടെ താക്കോല്‍ദാനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നീതു ലാല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചേര്‍ത്തല നഗരസഭയില്‍ 17 വീടുകളുടെ  പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും എ.എം ആരിഫ് എം.പി നിര്‍വ്വഹിച്ചു. 

നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി. എസ്. അജയകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സ്മിത സന്തോഷ്, ജി. രഞ്ജിത്ത്,  എ. എസ്. സാബു, പ്രോജക്ട് ഓഫീസര്‍ വി. സുനില്‍കുമാര്‍, നഗരസഭാ സെക്രട്ടറി കെ. എസ്. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തുകളിലെ വീടുകളുടെ താക്കോല്‍ ദാനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ 33 വീടുകളും അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ 10 വീടുകളും അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ 24 വീടുകളുമാണ് നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി. ജി. സൈറസ്, എസ. ഹാരിസ്, കെ. കവിത എന്നിവര്‍ അതത് കേന്ദ്രങ്ങളില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രതീഷ്, അനിത ടീച്ചര്‍, വി.ആര്‍. അശോകന്‍, പ്രതീപ്തി, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഉദയസിംഹന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അരൂര്‍, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ വീടുകളുടെ താക്കോല്‍ ദാനം ദലീമ ജോജോ എം.എല്‍.എ നിര്‍വഹിച്ചു.

അരൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണിയും തൈക്കാട്ടുശ്ശേരിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. വിശ്വംഭരനും അധ്യക്ഷത വഹിച്ചു. 

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ ജനാര്‍ദ്ദനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജോയ് കെ. പോള്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബി. ഉദയകുമാര്‍, സി.കെ. പുഷ്പ്പന്‍, എ.എ. അലക്‌സ്, സീനത്ത് ഷിഹാബുദ്ദീന്‍, ഒ.കെ. മോഹനന്‍, അമ്പിളി ഷിബു, ഇ.ഇ. ഇഷാദ്, കവിത ശരവണന്‍, പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പന്‍, വി. ഇ. ഒ. അനീഷ് കെ.ആര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 19,584 വീടുകളാണ് പൂര്‍ത്തിയായത്. പറവൂര്‍, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നിവിടങ്ങളില്‍ ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

date