Skip to main content

ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദേശം

 

ആലപ്പുഴ: ദേശീയപാതയില്‍ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള ഭാഗത്തെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ എ.എം. ആരിഫ് എം.പിയാണ് വിഷയം ഉന്നയിച്ചത്. 

അരൂര്‍- മാക്കേക്കടവ് പാലത്തിന്‍റെ  നിര്‍മാണത്തോടനുബന്ധിച്ച സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സ്ഥലമുടമകള്‍ക്ക് തുക കൈമാറണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജലജീവന്‍ മിഷന്‍, അമൃത് പദ്ധതികളുടെ നിര്‍വ്വഹണത്തിലെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് ഒക്ടോബര്‍ 30നകം പദ്ധതി പൂര്‍ത്തീകരിക്കണം.

ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ വകുപ്പ് മേധാവികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും യോഗ തീരുമാനങ്ങളില്‍ സമയബന്ധിതമായി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തിന് വകുപ്പ് മേധാവികള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ, കൃഷി മന്ത്രി പി. പ്രസാദിന്‍റെ  പ്രതിനിധി, സബ് കളക്ടര്‍ സൂരജ് ഷാജി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date