Skip to main content

ജില്ലയില്‍ നൂതന  കാര്‍ഷിക വിപണന ശാക്തീകരണ പദ്ധതികള്‍  

 

 

 

കൃഷി വകുപ്പിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും ശാക്തീകരണ ശൃംഖല ഉറപ്പാക്കുന്നതിനും ജില്ലയില്‍ നൂതന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.  കണ്ടെയ്നര്‍ മോഡ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് പ്രോസസിംഗ് സെന്റര്‍ (സിഎംപിസി),  പഴം, പച്ചക്കറികള്‍, മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച്, ശീതീകരിച്ച് കേടു കൂടാതെ സൂക്ഷിച്ച് ഉല്‍പാദന മേഖലയില്‍  നിന്നും വിപണന ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി ഊഷ്മാവ്/ താപ നിയന്ത്രണ സൗകര്യമുള്ള വാന്‍ വാങ്ങുന്നതിനുള്ള പദ്ധതി,  കാര്‍ഷിക ഉല്‍പന്നങ്ങളായ പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, നാളികേരം  എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതി,  മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്.  

 കണ്ടെയ്നര്‍ മോഡ് പ്രോക്യുമെന്റ് പ്രോസസിംഗ് സെന്റര്‍ സിസിഎംപിസി പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റി (പിഎസി)കള്‍ക്ക് 50% നിരക്കില്‍ പരമാവധി 4.5 ലക്ഷം രൂപ ആണ് ധനസഹായം.  പഴം, പച്ചക്കറികള്‍ മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച് ശീതികരിച്ച് കേടുകൂടാതെ സൂക്ഷിച്ച് വിപണന ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി ഊഷ്മാവ് /താപ  നിയന്ത്രണ സൗകര്യമുള്ള വാന്‍ വാങ്ങുന്നതിനുള്ള പദ്ധതിയില്‍ പിഎസി കള്‍ക്ക് 50% നിരക്കില്‍ പരമാവധി 4 ലക്ഷം രൂപയാണ് സബ്സിഡി. പിഎസി കള്‍ അപേക്ഷകരായി ഇല്ലാത്തപക്ഷം സ്റ്റാര്‍ട്ടപ്പുകള്‍/കുടുംബശ്രീ  യൂണിറ്റുകള്‍/ഹോര്‍ട്ടികോര്‍പ്പുകള്‍ എന്നിവരെയും ഗുണഭോക്താക്കളായി പരിഗണിക്കും.  കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും 
എസ്.എച്ച്.ജി,എഫ്.പി.ഒ എന്നിവര്‍ക്കും പഴം,  പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍/നാളികേരം എന്നിവയുടെ പ്രോസസ്സിംഗ്/ മൂല്യവര്‍ദ്ധിത  ഉല്പന്നങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതിയില്‍ 50%  ആണ് സബ്സിഡി തുക. ബാക്കി തുകയില്‍ 40% എസ്എച്ച്എം, എസ്എംഎഎം പദ്ധതികളില്‍   നിന്നും  കണ്ടെത്താന്‍ വ്യവസ്ഥയുണ്ട്.   മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതിയില്‍  പിഎസി/സ്റ്റാര്‍ട്ട് അപ്പുകള്‍/ എസ്എച്ച്ജി/എഫ് പി.ഒ എന്നിവക്ക് അപേക്ഷ സമര്‍പ്പിക്കാം. ആവശ്യാധിഷ്ഠിത ധനസഹായം പ്രോജക്ട്  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നല്‍കുക.   കൂടുതല്‍  വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും കൃഷിഭവനുമായോ  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date