Skip to main content

കുഞ്ഞോന് സൗജന്യ ചികിത്സയൊരുക്കി സംസ്ഥാന സര്‍ക്കാര്‍; പിന്തുണയുമായി ജില്ലാ ഭരണകൂടവും ഗ്രാമ പഞ്ചായത്തും മുന്‍ഗണനാ വിഭാഗത്തിലാക്കിയ റേഷന്‍ കാര്‍ഡ് ജില്ലാ കളക്ടര്‍ വീട്ടില്‍ നേരിട്ടെത്തി നല്‍കി

 

ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞോന് സൗജന്യ ചികിത്സക്ക് വഴിയൊരുക്കി സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഗ്രാമ പഞ്ചായത്തും. നിര്‍ദ്ധനരായ കുഞ്ഞോന്റെ കുടുംബത്തിനുണ്ടായിരുന്ന റേഷന്‍ കാര്‍ഡ് എപിഎല്‍ പട്ടികയില്‍ നിന്ന് മാറ്റി മുന്‍ഗണനാ വിഭാഗത്തിലാക്കി. ഏഏവൈ (അന്ത്യോദയ അന്ന യോജന) കാര്‍ഡ് അനുവദിച്ചതോടെയാണ് സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമായത്. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ശങ്കരപ്പള്ളിയിലെ വീട്ടിലെത്തി മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

മുട്ടം പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ഉഷാ ചോതിയുടെ മകള്‍ മായയുടെ രണ്ടാമത്തെ കുട്ടിയാണ് കുഞ്ഞോന്‍. ഒന്നര മാസം മാത്രം പ്രായമായ കുട്ടിക്ക് തലയില്‍ വെള്ളം കെട്ടുന്ന രോഗം പിടിപെട്ടിരുന്നു. ഇതിന് ചികിത്സക്കായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇവരുടെ റേഷന്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തില്‍ ആയതിനാല്‍ ചികിത്സക്കായി പണം മുടക്കേണ്ടി വരുമെന്ന് അറിയിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ അല്ലാത്തതിനാല്‍ മരുന്നിനും മറ്റുമായി അഞ്ച് ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു. എപിഎല്‍ റേഷന്‍ കാര്‍ഡായതിനാല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ ചികിത്സാ സഹായപദ്ധതികള്‍ക്കും മറ്റ് അനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാനും ഈ കുടുംബത്തിനായില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധനരായ കുഞ്ഞോന്റെ കുടുംബം ശങ്കരപ്പള്ളിയില്‍ മലങ്കര ജലാശയത്തോട് ചേര്‍ന്ന് എംവിഐപിയുടെ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടിയാണ് താമസിക്കുന്നത്.

നിര്‍ധന കുടുംബത്തിന് ചികിത്സക്കുള്ള പണം കണ്ടെത്താനാവാതെ വന്നതോടെ പഞ്ചായത്തധികൃതരുടേയും പ്രദേശവാസികളുടേയും നേതൃത്വത്തില്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും സഹായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. പത്രവാര്‍ത്തകളില്‍ നിന്നും ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ ജില്ലാ കളക്ടര്‍ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോനെ ഫോണില്‍ വിളിക്കുകയും കുഞ്ഞോന്റെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുമായി ഓഫീസില്‍ എത്താനും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിലും കളക്ടറുടെ മുന്നിലെത്തി രേഖകള്‍ കൈമാറിയതോടെ കളക്ടറുടെ വിവേചന അധികാരം ഉപയോഗിച്ച് എപിഎല്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി ഉത്തരവിറക്കി. ഉടന്‍ തന്നെ പുതിയ കാര്‍ഡ് ലഭ്യമാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ഭക്ഷ്യ വകുപ്പ് തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാകേണ്ടതിനാല്‍ കളക്ടറുടെ ഉത്തരവിന്റെ ഒരു പകര്‍പ്പ് ചികിത്സാ ആവശ്യങ്ങള്‍ക്കായി കുടുംബത്തിന് അന്ന് തന്നെ കൈമാറിയിരുന്നു.

സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റില്‍ നിന്നും ഏഏവൈ (അന്ത്യോദയ അന്ന യോജന) മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തി പുതിയ റേഷന്‍ കാര്‍ഡ് വ്യാഴാഴ്ച്ച അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതേ ദിവസം തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലെത്തി പുതിയ റേഷന്‍ കാര്‍ഡ് ഉഷാ ചോതിക്ക് കൈമാറിയത്. കുഞ്ഞോനും മാതാ പിതാക്കളും ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്.

ജില്ലാ കളക്ടറോടൊപ്പം ജില്ലാ സപ്ലൈ ഓഫീസര്‍ എ.കെ.സതീഷ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു.കെ.ബാലന്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിസി ജോസ്, മുട്ടം ഗ്രാമ പഞ്ചായത്തംഗം ബിജോയ് ജോണ്‍, മുട്ടം വില്ലേജ് ഓഫീസര്‍ നിഷ എന്നിവരും ഉണ്ടായിരുന്നു.

date