Skip to main content

ഇന്നൊവേഷൻ അവാർഡ് പ്രഖ്യാപനവും അധ്യാപക അവാർഡ് ജേതാക്കളെയും വിദ്യാലയങ്ങളെയും ആദരിക്കലും ഇന്ന് 

 

 

 

ജില്ലാ പഞ്ചായത്ത് ക്രാഡ് ഐഡിയേറ്റർ ഇന്നൊവേഷൻ അവാർഡ് പ്രഖ്യാപനവും അധ്യാപക അവാർഡ് ജേതാക്കളെയും വിദ്യാലയങ്ങളെയും ആദരിക്കലും ഇന്ന് (സെപ്റ്റംബർ 28 )  ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിക്കും.

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിൽ ക്രിയാത്മകമായ കണ്ടെത്തലുകളും നൂതനാശയങ്ങളും പ്രാവർത്തികമാക്കാൻ അവസരമൊരുക്കിയതാണ് ക്രാഡ് ഐഡിയേറ്റർ പരിപാടി. ക്രാഡ് ഇന്നവേഷനുമായി ചേർന്ന് മൂന്ന് ഘട്ടങ്ങളിലായാണ് ആറാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾക്ക്  പരിപാടി നടപ്പിലാക്കിയത്.  ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡ് സമ്മാനമായി നൽകുന്നതോടൊപ്പം അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും നൽകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാഠ്യപദ്ധതിക്ക് യോജിക്കുന്നതും  കുട്ടികളുടെ ചിന്തകളും സർഗ്ഗാത്മക  കഴിവുകളും വികസിപ്പിക്കുന്നതുമായ  ഇത്തരത്തിലുള്ള  നൂതന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അഭിപ്രായപ്പെട്ടു. 
സ്കൂളുകൾ അടച്ചിട്ട കാലത്ത് കുട്ടികളിലെ ദീർഘകാലത്തെ ഒറ്റപ്പെടലുകളും പിരിമുറുക്കവും അകറ്റി ഒഴിവു  സമയം ക്രിയാത്മകമാക്കുന്നതിനായാണ് ജില്ലാ പഞ്ചായത്ത് എഡ്യുകെയർ പദ്ധതി  ആവിഷ്കരിച്ചത്. പുത്തൻ സാങ്കേതിക വിദ്യകളും ആശയങ്ങളും സമർപ്പിക്കുന്നതിനായി കുട്ടികൾക്ക് കോഡിങ്ങിന്റെയും റോബോട്ടിക്സിന്റെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഓഗ്മെന്റൽ റിയാലിറ്റി മുതലായ നൂതന വിദ്യകളുടെയും സഹായത്തോടെയാണ്  ജില്ലാ പഞ്ചായത്ത് പദ്ധതി  നടപ്പിലാക്കിയത്.

 ജില്ലാ പഞ്ചായത്ത് ക്രാഡ് ഐഡിയേറ്റർ അവാർഡ് ദാനം, ജില്ലയിൽ മികച്ച വിജയം നേടിയ  സ്കൂളുകൾക്കുള്ള    ഉപഹാര വിതരണം, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കൾക്കുള്ള ഉപഹാര വിതരണം, ഐഡിയേറ്റർ അവാർഡ് - ക്രാഡ് ഇന്നവേഷൻ ടീമിനുള്ള ജില്ലാ പഞ്ചായത്തിന്റെ അനുമോദനം തുടങ്ങിയ  പരിപാടികൾ നടക്കും. 

ചടങ്ങിനോടനുബന്ധിച്ച്  രാവിലെ 9.30ന്  ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കുട്ടികളുടെ ഐഡിയ അവതരണ സെഷൻ ഐഎസ്ആർഒ മുൻ ഡയറക്ടറും സയന്റിസ്റ്റുമായ ഇ.കെ.കുട്ടി  ഉദ്ഘാടനം ചെയ്യും. ഡയറ്റ് പ്രിൻസിപ്പാൾ വി.പ്രേമരാജൻ  ആമുഖ ഭാഷണം നടത്തും.

date