Skip to main content

ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധ സസ്യ ഉദ്യാനം ഒരുങ്ങുന്നു

പത്തനംതിട്ട ജില്ലയിലെ ആറ് ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ നാഷണല്‍ ആയുഷ് മിഷനും ഹരിത കേരള മിഷനും ചേര്‍ന്ന് ഔഷധ സസ്യ പച്ച തുരുത്തുകള്‍ തയാറാക്കി. ഡിസ്‌പെന്‍സറികളെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍  ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പച്ചത്തുരുത്തുകള്‍ നിര്‍മിച്ചത്. സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളായ കല്ലേലി (അരുവാപ്പുലം പഞ്ചായത്ത്), കുളനട, പന്തളം തെക്കേക്കര എന്നീ സ്ഥാപനങ്ങളും കുറ്റൂര്‍, പന്തളം നഗരസഭ, കുളനട എന്നീ ഹോമിയോ ഡിസ്‌പെന്‍സറികളുമാണ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
ചട്ടികളില്‍ 15 ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ആര്യവേപ്പ്, ശതാവരി, നെല്ലി, കൊടങ്ങല്‍, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, അമുക്കുരം, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ തുടങ്ങിയ 15 ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഔഷധ സസ്യങ്ങളുടെ പേരും ഉപയോഗങ്ങളും അടങ്ങിയ വിശദമായ ബോര്‍ഡും ഓരോ ചട്ടിയിലും സ്ഥാപിച്ചു. 
 ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം  മാനേജര്‍ ഡോ.സുനിത, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. എസ്. ശ്രീകുമാര്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജു കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചത്.
 

date