Skip to main content

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ 2021-22 വര്‍ഷത്തെ  വിവിധ പദ്ധതികള്‍ക്ക് കൊടുമണ്‍ പഞ്ചായത്തില്‍ തുടക്കമായി

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ 2021-22 വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.  ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ച വിവിധ പദ്ധതികള്‍ കൊടുമണ്‍ കൃഷി ഭവന്റെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്. 

മനുരത്ന ഇനം ഉപയോഗിച്ചുള്ള നെല്‍കൃഷി, ഡ്രോണ്‍ ഉപയോഗിച്ച് നെല്ലിന് വളപ്രയോഗം എന്നീ മുന്‍ നിരപ്രദര്‍ശനങ്ങളും, കാട്ടുപന്നിയുടെ ആക്രമണം തടയുന്നതിനുള്ള സംയോജിത പ്രതിരോധ മാര്‍ഗത്തില്‍ കര്‍ഷക വയല്‍ വിദ്യാലയവും നടത്തും.  കൂടാതെ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ മണ്ണ് സാമ്പിളുകള്‍ ശേഖരിക്കും.  കെവികെയിലെ മണ്ണ് പരിശോധനാ ലാബില്‍ സാമ്പിളുകള്‍ പരിശോധിച്ചശേഷം അതാത് മേഖലകളില്‍ ഉള്‍പ്പെടുന്ന എല്ലാ കര്‍ഷകര്‍ക്കും മണ്ണ് പരിപോഷണ കാര്‍ഡുകള്‍ വിതരണം ചെയ്യും.  ഓരോ വിളകള്‍ക്കും അനുയോജ്യമായ വളപ്രയോഗരീതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മണ്ണ് പരിപോഷണ കാര്‍ഡുകള്‍ തയ്യാറാക്കുന്നത്.  ഇതോടൊപ്പം വിവിധ കാര്‍ഷിക വിളകളുടെ നൂതന കൃഷി രീതി സംബന്ധിച്ചുള്ള പരിശീലനങ്ങളും ക്രമീകരിക്കും.

95 ദിവസത്തില്‍ വിളവെടുപ്പിന് പാകമാകുന്ന അത്യുല്പാദന ശേഷിയും രോഗകീട നിയന്ത്രണ ശേഷിയുമുള്ള മനുരത്ന ഇനം നെല്ല് കൊടുമണ്ണില്‍ ഈ വര്‍ഷം രണ്ട് സീസണില്‍ കൃഷി ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ചെയ്യുന്നതെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് പറഞ്ഞു.  സാധാരണയായി കാലാവസ്ഥ പ്രതികൂലം മൂലം ഒരു തവണ മാത്രമേ നെല്‍കൃഷി സാധ്യമാകുകയുള്ളു.  എന്നാല്‍ മനുരത്ന ഇനം നെല്ല് മുണ്ടന്‍ കൃഷിയായി കൊടുമണ്ണില്‍ വിത നടത്തി.  കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ ഇതിന്റെ വിളവെടുപ്പ് ഡിസംബര്‍ പകുതിയോടെ നടത്താം.  തുടര്‍ന്ന് അടുത്ത കൃഷിയായി ജനുവരിയില്‍ വിതച്ച് വേനല്‍ മഴ എത്തുന്നതിന് മുമ്പായി മാര്‍ച്ച്-എപ്രില്‍ മാസങ്ങളില്‍ വെളവെടുപ്പ് നടത്താന്‍ സാധിക്കുമെന്നും ഡോ.സി.പി. റോബര്‍ട്ട് പറഞ്ഞു.  കൂടാതെ ഈ കൃഷിയിടങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങളുടെയും ജൈവ കുമിള്‍ നാശിനിയുടെയും പ്രയോഗവും നടത്തും.

കൊടുമണ്ണല്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള നിര്‍വഹിച്ചു.  കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.  കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. കൊടുമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യ ദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിപിന്‍ കുമാര്‍, പഞ്ചായത്തംഗം  വിജയന്‍ നായര്‍, കൃഷി ഓഫീസര്‍ എസ്.ആദില എന്നിവര്‍ പ്രസംഗിച്ചു.

മനുരത്ന ഇനം നെല്ലിന്റെ കൃഷി രീതി എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം അഗ്രോണമി വിഭാഗം സബ്ജകറ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് വിനോദ് മാത്യു, കര്‍ഷക വയല്‍ വിദ്യാലയ പരിശീലനത്തിന് അഗ്രികള്‍ച്ചര്‍ എക്സ്ററന്‍ഷന്‍ വിഭാഗം സബ്ജകറ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്‍, മണ്ണ് പരിശോധന അടിസ്ഥനമാക്കിയുള്ള കൃഷി രീതിയുടെ പ്രധാന്യം എന്ന വിഷയത്തില്‍ പരിശീലനത്തിന് പ്രോഗ്രാം അസി.(ലാബ്) എസ്.ഗായത്രി എന്നിവര്‍ നേതൃത്വം നല്‍കി.  

date