Skip to main content

നാട് ശുചിയായി സൂക്ഷിക്കുന്നതിൽ പൊതുസമൂഹത്തിൻ്റെ പങ്ക് പ്രധാനം -  മന്ത്രി എ.കെ. ശശീന്ദ്രൻ

 

 

 

നാട് ശുചിയായി സൂക്ഷിക്കുന്നതിൽ പൊതുസമൂഹത്തിൻ്റെ പങ്ക് പ്രധാനമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ.  വടകര നഗരസഭ നവകേരള പുരസ്ക്കാര സമർപ്പണവും കണ്ടിജൻസി തൊഴിലാളികളെയും ഹരിത കർമ്മ സേനാംഗങ്ങളെയും അനുമോദിക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനവും വടകര ടൗൺ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

 ഇത്രയും നാൾ അസാധ്യമായെന്ന് കരുതിയ പല കാര്യങ്ങളും ജനപങ്കാളിത്തത്തോടെ സാധ്യമാക്കുകയാണിപ്പോൾ.  മലയാളികളുടെ ശുചിത്വ ബോധം അവനവൻ്റെ വീട്ടിൽ ഒതുങ്ങുന്ന അവസ്ഥയായിരുന്നു.  എന്നാൽ ഇന്ന് ആ മനോഭാവത്തിന് മാറ്റം വന്നിട്ടുണ്ട്.  പൊതു യിടങ്ങളുടെ വൃത്തി അവനവൻ്റെ കൂടി ഉത്തരവാദിത്തമാണെന്ന നിലയിലേക്ക് മനോഭാവം മാറി.  അന്തരീക്ഷ മലിനീകരണത്തിൻ്റെ പ്രാധാന്യം കൂടി കണക്കിലെടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് വടകര നഗരസഭ നടത്തുന്നത്. അതൊരു മാതൃകയാണ് .ആഗോള താപനത്തിൻ്റെ വ്യതിയാനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.
ശുചിത്വ നഗരം യാഥാർഥ്യമാവാൻ വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ ഉണർന്ന് പ്രവർത്തിക്കണം.  വടകര നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ്‌ നിലവിൽ നടന്നു വരുന്നത്. വടകര നഗരത്തിൽ പച്ചത്തുരുത്തുകൾ ആവശ്യമാണ്. അതിനാവശ്യമായ എല്ലാ സഹകരണവും വനംവകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു .

നഗരസഭയിലെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻ്റർ (എം.സി.എഫ്),  ഹരിതകർമ്മസേന, ഹരിയാലി എന്ന പേരിലുള്ള നഗരസഭ ഹരിതകർമ്മസേന എന്നിവ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. വീടുകളിൽ നിന്നും  സ്ഥാപനങ്ങളിൽ നിന്നും കലണ്ടർ അടിസ്ഥാനത്തിൽ പാഴ് വസ്തു ശേഖരണം, മിനി എം.സി.എഫുകൾ, ബാഗ്, തുണിസഞ്ചി എന്നിവയുമായി ഗ്രീൻ ഷോപ്പ്, റിപ്പയർ ഷോപ്പ്, ഗ്രീൻ ടെക്‌നോളജി സെൻ്റർ, വടകര മുനിസിപ്പൽ പാർക്ക് നടത്തിപ്പ് എന്നിവയും സ്ത്രീകളുടെ കൂട്ടായ്മയിൽ ഹരിതകർമ്മസേന, ടേക്ക് എ ബ്രേക്ക് കേന്ദ്രം,  ജലാശയങ്ങൾ ശുചിയാക്കൽ  പ്രചരണ ബോധവൽക്കരണ പരിപാടികൾ എന്നിവയും മാതൃകാപരമായി നടക്കുന്നുണ്ട്.

 നിരവധി പുരസ്‌കാരങ്ങൾ വടകരനേടി കഴിഞ്ഞു. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ഹരിത അവാർഡിൽ മുനിസിപ്പാലിറ്റികളിൽ രണ്ടാം സ്ഥാനവും ഏഴ് ലക്ഷം രൂപയുടെ അവാർഡും വടകര നഗരസഭ നേടിയിട്ടുണ്ട്.  ഭൗമദിന ദേശീയ പുരസ്ക്കാരവും നഗരസഭ കരസ്ഥമാക്കി.

വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷയായി.  വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.വനജ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ ,ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത ,പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ബിജു, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ ,ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ പി.പ്രകാശ് , ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ മിനി എം,  നഗരസഭ സെക്രട്ടറി കെ.മനോഹർ '  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു .

date