Skip to main content

വടകരയിൽ റൂറൽ വനിത സെൽ റെസ്റ്റ് റൂം  ഉദ്ഘാടനം ചെയ്തു

 

വടകരയിൽ കോഴിക്കോട് റൂറൽ വനിത സെൽ റെസ്റ്റ് റൂം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.   കുട്ടികളുടെ വിവിധ പ്രശ്നങ്ങളിൽകൂടി പോലീസിൻ്റെ ഇടപെടൽ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.    കഴിഞ്ഞ കാലത്ത് ഒട്ടേറെ ദുരന്തങ്ങൾ നാം നേരിട്ടു.  ഓഖി,പ്രളയം, കോവിഡ് എന്നിവ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.  ഈ ദുരന്തങ്ങളിൽ എല്ലാം ജനങ്ങൾക്ക് കൈത്താങ്ങായി  പോലീസ് നിന്നു എന്നത് അഭിനന്ദനാർഹമാണ്. കോവിഡിൻ്റെ കാര്യത്തിൽ ജീവൻ വരെ ബലിയർപ്പിച്ചാണ് പോലീസ് ജനങ്ങൾക്കായി നിലകൊണ്ടത്. അതോടൊപ്പം രാജ്യത്തിൻ്റെ വിവിധ ഏജൻസികൾ കേരള പോലീസിൻ്റെ മികവ് അംഗീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.  അന്വേഷണ മികവിൻ്റെ കാര്യത്തിലായാലും ഏറെ മുന്നിലാണ് കേരളത്തിലെ പോലീസ് സേന. അതോടൊപ്പം ജനമൈത്രി സുരക്ഷ പദ്ധതി വഴി പോലീസ് കൂടുതൽ  ജനസൗഹൃദമാക്കാനും  സ്ത്രീസൗഹൃദ മുഖങ്ങളായി  സേനയെ മാറ്റിത്തീർക്കാനുള്ള പിങ്ക് പോലീസ് ഉൾപ്പെടെ ഒട്ടേറെ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.  കുട്ടികൾക്കും ശങ്കയില്ലാതെ പോലീസ് സ്റ്റേഷനുകളിൽ  ചെല്ലാനാകണം.  അവരുടെ കഥകളും പാട്ടുകളും ആയി അവർക്കും ഒരിടം പോലീസ് സ്റ്റേഷനുകളിലൊരുക്കുകയാണ്. സംസ്ഥാനത്ത് 120 പൊലീസ് സ്റ്റേഷനുകളിൽ ശിശുസൗഹൃദ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.  ഡിജിറ്റൽ രംഗം  വഴി ചതിക്കുഴികളിൽ അകപ്പെടുന്ന കുട്ടികളെ പൊതുധാരയിലേക്ക് കൊണ്ടുവരാൻ  പോലീസിൻ്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി - അഡിക്ഷൻ സെൻ്റർ തുടങ്ങുന്നതിന് തീരുമാനമായിട്ടുണ്ട്. ആദ്യം റേഞ്ച് അടിസ്ഥാനത്തിലും പിന്നീട് ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 വടകര എംഎൽഎ  കെ.കെ.രമ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം  നിർവഹിക്കുകയും ചെയ്തു .  സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എഡിജിപി വിജയ് സാഖറെ,  നഗരസഭ ചെയർപേഴ്സൺ ബിന്ദു കെ. പി , വാർഡ് കൗൺസിലർ പ്രേമകുമാരി കെ, കെ പി. ഒ .എ ജോ. സെക്രട്ടറി രാജീവൻ, കെ .പി .എ ജില്ലാ സെക്രട്ടറി അഭിജിത്ത് ജി.പി എന്നിവർ സംസാരിച്ചു. അഡീഷനൽ എസ് പി എം പ്രദീപ് കുമാർ സ്വാഗതവും വടകര ഡിവൈഎസ്പി അബ്ദുൾ ഷെരീഫ് കെ നന്ദിയും രേഖപ്പെടുത്തി.

date