Skip to main content

ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കുമായി തദ്ദേശസ്ഥാപനങ്ങളില്‍ 'സഹജീവനം' സഹായ കേന്ദ്രങ്ങള്‍

 

 

 

ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയാസങ്ങളില്‍ നിന്നും മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് നടപ്പാക്കുന്ന സഹജീവനം പദ്ധതിയിലൂടെ ജില്ലയില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് വിവിധ വകുപ്പുകള്‍ നല്‍കിവരുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അപേക്ഷകള്‍ സംബന്ധിച്ച വിശദവിവരങ്ങളും മാര്‍ഗനിര്‍ദ്ദേശവും കേന്ദ്രങ്ങളില്‍ ലഭ്യമാവും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. 

ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും കോവിഡ് പശ്ചാത്തലത്തില്‍ അടച്ചതോടെ മാനസിക ബുദ്ധിമുട്ടിലായവര്‍ക്ക് കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ സഹായ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ലോക്കല്‍ ലെവല്‍ കമ്മിറ്റികളുമായി ചേര്‍ന്ന് സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ്, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകള്‍, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും.  

ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, വി.റ്റി.സികള്‍, ബി.ആര്‍.സി.കള്‍ എന്നിവ കേന്ദ്രീകരിച്ച് ആയിരിക്കും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഓരോ കേന്ദ്രങ്ങളിലും ചുരുങ്ങിയത് രണ്ട് സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ ഇതിനായി ചുമതലപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നതിന്് കുറഞ്ഞത് രണ്ട് വളണ്ടിയര്‍മാരെ (സ്പെഷ്യല്‍ ടീച്ചേഴ്സ്) ചുമതലപ്പെടുത്തും. സഹായ കേന്ദ്രങ്ങളില്‍ നിന്നും ഭിന്നശേഷിക്കാരെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അന്വേഷിക്കും. ഫോണ്‍ വഴി ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമുള്ളവരെ ബ്ലോക്ക് തലകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി സഹായങ്ങള്‍ ഉറപ്പ് വരുത്തും. സൈക്കോളജിസ്റ്റ്, തെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കേഴ്സ് അടങ്ങിയ വിദഗ്ധപാനലിന്റെ സേവനം ലഭ്യമാക്കും. സഹായ കേന്ദ്രം പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും.

ഭിന്നശേഷിക്കാരുടെ കോവിഡ് അനുബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്കാവശ്യമായ മറ്റ് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമുകളിലേക്ക് ഒരു സ്പെഷ്യല്‍ ടീച്ചറുടെ സേവനം ലഭ്യമാക്കും. അത്യാവശ്യഘട്ടങ്ങളില്‍ ചില കുടുംബങ്ങള്‍ക്ക് ആവശ്യമായ മരുന്ന്,ആഹാരം എന്നിവ ലഭ്യമാക്കുന്നതിന് വാര്‍ റൂമുകളുമായി ഇവരെ ബന്ധപ്പെടുത്തി സഹായം ലഭ്യമാക്കും. ഭിന്നശേഷിക്കാരുടെയും കുടുംബത്തിന്റെയും മാനസികാരോഗ്യ സംരക്ഷണത്തിനായി കൗണ്‍സിലിംഗ് സഹായ സേവനങ്ങള്‍ ഉറപ്പാക്കും. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന രക്ഷാകര്‍ത്താക്കള്‍ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ താമസ സൗകര്യം ഉള്ള ഒരു സ്ഥാപനം കണ്ടെത്തി രക്ഷിതാക്കള്‍ക്ക് രോഗവിമുക്തി ലഭിക്കുന്നത് വരെ ഭിന്നശേഷിക്കാരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഇവര്‍ക്ക് സമയബന്ധിതമായി വാക്സിനേഷന്‍ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. മേല്‍ സാഹചര്യങ്ങളില്‍ ആവശ്യമായ മരുന്ന് ഭക്ഷണം മുതലായവ ലഭ്യമാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സേവനം ഉറപ്പു വരുത്തും. 

മാസത്തില്‍ ഒരു തവണയെങ്കിലും പ്രത്യേകമായ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്കായി വിവിധ വകുപ്പുകള്‍ നല്‍കിവരുന്ന സേവനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി ആളുകളിലെത്തിക്കും. ജില്ലാ തലത്തില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി നിലവില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രസ്റ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി വിപൂലീകരിച്ചിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ചെയര്‍മാനും എല്‍.എല്‍.സി കണ്‍വീനര്‍ സമിതിയുടെ കണ്‍വീനറുമായിരിക്കും.

date