Skip to main content

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ  കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കം

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ  അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കമായി. വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കാനായാണ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ പഞ്ചായത്ത്‌ നടപ്പിലാക്കുന്നത്. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായ പച്ചക്കറികൾ,  പഴവർഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണിത്. മൂന്ന് സെന്റ് മുതലുള്ള സ്ഥലങ്ങളിൽ  ജൈവ രീതിയിൽ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാം. ക്യാമ്പയിന്റെ ഭാഗമാകുന്നവർ തക്കാളി, പാവൽ, ചീര, മഞ്ഞൾ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചിനം പച്ചക്കറികളും പപ്പായ, പേര, നെല്ലി തുടങ്ങി രണ്ടിനം ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്.

ഗ്രാമപഞ്ചായത്ത് തലത്തിൽ ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെട്ട 50 പ്ലോട്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 1465 വാർഡുകളിൽ ഏകദേശം 75,000 കുടുംബങ്ങളിലായി 2000 ഏക്കർ സ്ഥലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരമൊരു ക്യാമ്പയിന് തുടക്കമിടുന്നത്.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ   പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രഡിഡന്റ് എസ്.ബസന്ത് ലാൽ നിർവഹിച്ചു,വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷീജ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു, മെമ്പർ മാരായ സ്വപ്ന പ്രദീപ്, ബബിത സതീഷ്, സജി, റീന വർഗീസ്, മാഗി അലോഷ്യസ് ബ്ലോക്ക് കോർഡിനേറ്റർ ഗ്രീഷ്മ നന്ദകുമാർ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു, സിഡിഎസ് ചെയർപേഴ്സൺ രജിനി ദിവാകരൻ സ്വാഗതവും വാർഡ് മെമ്പർ പി.എം.സജി നന്ദിയും പറഞ്ഞു.

date