Skip to main content

ഫോറസ്ട്രി കോളേജില്‍ ഔഷധ സസ്യ വിത്തു സംഭരണ കേന്ദ്രം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഫോറസ്ട്രി കോളേജില്‍ നിര്‍മിക്കുന്ന ഔഷധസസ്യങ്ങളുടെ ആധുനിക രീതിയിലുള്ള വിത്തു സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനവും ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്  ഓണ്‍ലൈനില്‍  നിര്‍വഹിച്ചു. ഫോറസ്ട്രി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂവകുപ്പ് മന്ത്രി അഡ്വ.കെ രാജന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആയുഷ് വകുപ്പിന് കീഴില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സി ഇ ഒ  ഡോ.ടി കെ ഹൃദിക്, ഫോറസ്ട്രി കോളേജ് ഡീന്‍ ഡോ.ഇ വി അനൂപ്, വിത്ത് സംഭരണ കേന്ദ്രം ഇന്‍വെസ്റ്റിഗേറ്റര്‍  ഡോ.എ വി സന്തോഷ്‌കുമാര്‍, കാര്‍ഷിക സര്‍വ്വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച് ഡോ ടി കെ കുഞ്ഞാമു, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോഎം എസ് നൗഷാദ്, ഡോ ജിജി ജോസഫ് എന്നിവര്‍ സംസാരിച്ചു. 

ഔഷധ സസ്യ വിതരണോദ്ഘാടനത്തിന്റെ ഭാഗമായി ഫോറസ്ട്രി കോളേജ് ഡീന്‍ ഡോ. ഇ വി അനൂപ് ഔഷധസസ്യ കര്‍ഷകന്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ  പ്രശാന്തിന് ഔഷധ തൈ കൈമാറി. സംസ്ഥാനത്ത് ഗുണമേന്മയുള്ള ഔഷധ സസ്യങ്ങളുടെ ഉല്‍പ്പാദനത്തിനാവശ്യമായ വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കര്‍ഷകര്‍ സംഭരിക്കുന്ന വിത്തുകള്‍ ആവശ്യാനുസരണം സൂക്ഷിച്ചു വയ്ക്കുന്നതിനുമാണ് വിത്ത് കേന്ദ്രം വിഭാവനം ചെയ്യുന്നത്.ഔഷധ വ്യവസായത്തില്‍  ഉപയോഗപ്പെടുത്തുന്നതും  കൃഷിയോഗ്യവുമായ കൂവളം, അശോകം, ചന്ദനം, രക്തചന്ദനം, നെല്ലി, പലക പയ്യാനി , കുമിഴ്, കണി കൊന്ന. പാച്ചോറ്റി, ആര്യവേപ്പ്, സര്‍പ്പഗന്ധി, വിഴാല്‍, കച്ചോലം, മരമഞ്ഞള്‍, അടപതിയന്‍, ചിറ്റരത്ത, കാട്ടുപടവലം, തിപ്പലി, പീനാറി എന്നീ ഇരുപതോളം ഔഷധസസ്യങ്ങളുടെ വിത്തുകള്‍ ശാസ്ത്രീയമായി സംഭരിച്ച് കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്തും. പൊതു ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഔഷധതൈകള്‍ തുടര്‍ന്ന് വിതരണം ചെയ്യുന്നതാണ്.

date