Skip to main content

പഞ്ചായത്തുകളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തിൽ മാറ്റം വരുത്തി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

പഞ്ചായത്തുകളിൽ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസൻസ് ഒരു വർഷത്തിനുള്ളിൽ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ മാറ്റി ഉത്തരവിടാൻ നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ലൈസൻസ് എന്താവശ്യത്തിനാണോ എടുത്തിരിക്കുന്നത് അതിൽ മാറ്റം വരുത്താതെയായിരിക്കണം കൈമാറ്റം. പുതിയ ഉടമസ്ഥൻ കെട്ടിടത്തിന്റെ ഉടമസ്ഥനല്ലെങ്കിൽ ഉടമയുടെ സമ്മതപത്രം ഉണ്ടെന്ന് ഉറപ്പുവരുത്തി വേണം ലൈസൻസ് കാലാവധിക്കുള്ളിൽ മാറ്റം അനുവദിക്കേണ്ടത്.
കേരള മുനിസിപ്പാലിറ്റിയുടെ ഫാക്ടറികളും വ്യാപാരങ്ങളും സംരംഭ പ്രവർത്തനങ്ങളും മറ്റ് സേവനങ്ങളും ലൈസൻസ് നൽകൽ ചട്ടത്തിൽ എട്ടാമത് ചട്ടം വ്യവസ്ഥ ചെയ്തിരിക്കുന്നത് പോലെയാണ് പഞ്ചായത്ത് രാജ് ചട്ടത്തിലും മാറ്റം വരുത്തി വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഇതോടെ വ്യവസായമോ, വ്യാപാരമോ കൈമാറ്റം ലഭിച്ച് കിട്ടുന്ന വ്യക്തി എല്ലാ ലൈസൻസുകളും വീണ്ടും എടുക്കേണ്ട സ്ഥിതിക്ക് മാറ്റമുണ്ടാവുകയാണെന്ന് ഗോവിന്ദൻ മാസ്റ്റർ കൂട്ടി ചേർത്തു.
പി.എൻ.എക്സ്. 3580/2021

 

date