Skip to main content

വന്യജീവി വാരാഘോഷത്തിന് നാളെ (02.10.2021) തുടക്കമാകും

സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിന് നാളെ (02.10.2021) തുടക്കമാകും. പാലക്കാട് അരണ്യഭവൻ കോംപ്ലക്സിൽ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനായിരിക്കും. എ.പ്രഭാകരൻ എംഎൽഎ, വി.കെ.ശ്രീകണ്ഠൻ എംപി എന്നിവർ വന്യജീവി സംരക്ഷണ സന്ദേശം നൽകും.വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ മുഖ്യപ്രഭാഷണം നടത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പാലക്കാട് ജില്ലാ കളക്ടർ മൃൺമയ് ജോഷി എന്നിവർ ആശംസകളർപ്പിക്കും.മുഖ്യവനം മേധാവി പി.കെ.കേശവൻ സ്വാഗതവും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വി.ഉത്തമൻ കൃതജ്ഞതയുമർപ്പിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന ടെക്നിക്കൽ സെഷനിൽ വന്യജീവി ശാസ്ത്രജ്ഞൻ ഡോ.എ.ജെ.ടി.ജോൺസിംഗ് ഇന്ത്യയിലെ വന്യജീവി സംരക്ഷണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.ചടങ്ങിൽ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭു സ്വാഗതവും  സൈലന്റ്വാലി നാഷണൽ പാർക്ക് വൈൽഡ്ലൈഫ് വാർഡൻ എസ്.വിനോദ് കൃതജ്ഞതയുമർപ്പിക്കും.സംസ്ഥാനത്ത് ഒരാഴ്ചക്കാലം വിവിധയിടങ്ങളിൽ വാരാഘോഷം സംഘടിപ്പിക്കും. എട്ടാം തീയതി വാരാഘോഷം സമാപിക്കും.
പി.എൻ.എക്സ്. 3586/2021

 

date