Skip to main content

ആസാദി കാ അമൃത്  മഹോത്സവ്'; നിയമ ബോധവല്‍ക്കരണ പരിപാടികളുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി

'ആസാദി കാ അമൃത്  മഹോത്സവ്' എന്ന പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ ജില്ലയിലെമ്പാടും വിപുലമായ രീതിയില്‍ നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍  2-ാം തീയതി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് തൊടുപുഴ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി.പി.ചാലി നിര്‍വ്വഹിക്കും. ഇടുക്കി ജില്ലാ ജഡ്ജി നിക്‌സണ്‍. എം. ജോസഫ് അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ തൊടുപുഴ എം.എല്‍.എ പി.ജെ.ജോസഫ്, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്,  ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി,  തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.ജോസ് മാത്യു എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്  ശ്രീമതി. തൊടുപുഴ സബ്ജഡ്ജ് റോഷന്‍ തോമസിന്റെ നേതൃത്വത്തില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തും. 'ആസാദി കാ അമൃത്  മഹോത്സവ്' ന്റെ ഭാഗമായി 2021 ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ ജില്ലയിലെമ്പാടും നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍, സര്‍വ്വേകള്‍, അദാലത്തുകള്‍, സെമിനാറുകള്‍, വിവിധ രംഗങ്ങളിലെ പ്രമുഖരെ ആദരിക്കല്‍, പുരസ്‌കാര വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന്‍ പി.എ. അറിയിച്ചു.
 

date