Skip to main content

ബീഡി തൊഴിലാളികളുടെ ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷന് തുടക്കമായി

അസംഘടിത മേഖലയിലെ ബീഡി തൊഴിലാളികൾക്കായുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഇ-ശ്രം രജിസ്ട്രേഷന് തുടക്കമായി. പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമായി അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും വിവരശേഖരണം നടത്തുന്നതിനായാണ് രജിസ്ട്രേഷൻ. ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ ഇതുവഴി തൊഴിലാളികൾക്ക് ലഭ്യമാകും.
ഒക്‌ടോബർ 31നകം ഇ-ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുമെന്ന് മഞ്ചേശ്വരം, കാസർകോട് രജിസ്ട്രേഷൻ ക്യാമ്പുകൾക്ക് നേതൃത്വം നൽകി കേരള-ലക്ഷദ്വീപ് വെൽഫെയർ ആന്റ് സെസ് കമ്മീഷണർ ഡോ. യൂജിൻ ഗോമസ് ജെ പറഞ്ഞു. ഇ.എസ്.ഐ.സിയുടെയോ ഇ.പി.എഫ്.ഒയുടെയോ പരിധിയിൽ ഉൾപ്പെടാത്ത തൊഴിലാളികളെയാണ് രജിസ്റ്റർ ചെയ്യുന്നത്.  ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷൻ സൗകര്യം എല്ലാ അസംഘടിത ബീഡി തൊഴിലാളികളും ഉപയോഗപ്പെടുത്തണം. രജിസ്റ്റർ ചെയ്യപ്പെടുന്നവർക്ക് പ്രധാനമന്ത്രി സുരക്ഷാ ഭീമാ  യോജന വഴി രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും.
നിലവിൽ കാസർകോട് ജില്ലയിൽ 59000ത്തോളം ബീഡിത്തൊഴിലാളികൾ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുണ്ടെന്നും ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും ക്യാമ്പിലെത്തിയ തൊഴിലാളി യൂനിയൻ പ്രതിനിധികൾ പറഞ്ഞു.
അക്ഷയ, സി.എസ്.സി കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ നടത്താം. പത്ത് ദിവസത്തിനകം ആധാർ കാർഡ് മാതൃകയിലുള്ള രജിസ്ട്രേഷൻ കാർഡ് തൊഴിലാളികൾക്ക് ലഭിക്കും. രജിസ്റ്റർ ചെയ്തവർക്ക് ബിഡീത്തൊഴിലാളി ക്ഷേമനിധി ഡിസ്പെൻസറികളിൽ നിന്നും കാർഡുകൾ കൈപ്പറ്റാനും സൗകര്യമൊരുക്കും.
കാസർകോട്, മഞ്ചേശ്വരം ബിഡി തൊഴിലാളി ക്ഷേമനിധി ഡിസ്പെൻസറികളിൽ കേരള-ലക്ഷദ്വീപ് വെൽഫെയർ ആന്റ് സെസ് കമ്മീഷണർ ഡോ.യൂജിൻ ഗോമസ്.ജെ നേരിട്ടെത്തിയാണ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തിയത്. അസി. വെൽഫെയർ അഡ്മിനിട്രേറ്റർമാരായ സരിത സന്തോഷ്, ദീപക് പി, ഡിസ്പെൻസറി മെഡിക്കൽ ഓഫീസർമാരായ ഡോ. സൈമ എ, ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

date